26 January Sunday
അർഹമായ കേന്ദ്രവിഹിതം ഇനിയും ലഭിച്ചില്ല

കോര്‍പറേഷനില്‍ 800 കുടുംബങ്ങള്‍ക്ക് വീട‌്: ആദ്യഗഡു തുക നൽകി

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019


തൃശൂർ
കോർപറേഷനിൽ ഭവനരഹിതരായ എണ്ണൂറോളം കുടുംബങ്ങൾക്ക് വീടുനിർമിക്കാനുള്ള ആദ്യഗഡു തുക വിതരണം ചെയ‌്തു.എല്ലാ കുടുംബങ്ങൾക്കും സ്വന്തമായി ഭവനം ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലൈഫ് പദ്ധതിയും കേന്ദ്രപദ്ധതിയായ പിഎംഎവൈയും സംയോജിപ്പിച്ചാണ് വീട് നിർമാണത്തിന് നാലുലക്ഷംരൂപവീതം സഹായം നൽകുന്നത്.  ഗുണഭോക്താക്കൾക്കുള്ള  ആദ്യഗഡുവാണ‌് ‌ വിതരണം ചെയ‌്തത‌്. നേരത്തേ 676 പേർക്ക് ധനസഹായം അനുവദിച്ചിരുന്നു. ഇതിൽ 247 പേർ വീടു നിർമാണം പൂർത്തിയാക്കി. മൊത്തം 1468പേർക്കാണ് വീട് നൽകുന്നത്. അർഹമായ കേന്ദ്രവിഹിതം ഇനിയും ലഭിച്ചില്ലെങ്കിലും കോർപറേഷൻ  വിഹിതം എടുത്താണ് പദ്ധതി വേഗത്തിൽ നടപ്പാക്കുന്നത്.
പദ്ധതിയുടെ അഞ്ചാം ഘട്ടത്തിൽ 2018 ഡിസംബർ ആദ്യവാരം വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അർഹരായ 792 കുടുബങ്ങളെ ഉൾപ്പെടുത്തി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ലഭിച്ചു.  ആകെ പദ്ധതി തുക 31.68 കോടിയാണ്.  ഒരുവീടിന് 1.5 ലക്ഷം രൂപ നിരക്കിൽ 11.88 കോടി രൂപ കേന്ദ്ര വിഹിതവും 50000 രൂപ നിരക്കിൽ 3.96 കോടി രൂപ സംസ്ഥാനവിഹിതവും രണ്ടു ലക്ഷം രൂപ നിരക്കിൽ 15.84 കോടി രൂപ നഗരസഭാവിഹിതവും ആണ്. പിഎംഎവൈ പദ്ധതി പ്രകാരം ഭൂമിയുള്ള ഭവനരഹിതർക്ക് ഗുണഭോക്തൃവിഹിതം ഉൾപ്പെടെ മൂന്ന് ലക്ഷം രൂപയാണ് ധനസഹായം നൽകിയിരുന്നത്. ലൈഫ് മിഷൻപദ്ധതിയുമായി സംയോജിപ്പിച്ച് സംസ്ഥാന സർക്കാർ ഈ തുക നാലുലക്ഷമായി ഉയർത്തി. ഗുണഭോക്തൃവിഹിതം ഒഴിവാക്കി ജനങ്ങളെ സഹായിച്ചു.  കോർ
പറേഷനിൽ ലൈഫ്, പിഎംഎവൈ പദ്ധതി സംയോജനത്തിലൂടെ  676 കുടുംബങ്ങൾക്ക് വീട് നൽകാൻ അംഗീകാരം ലഭിച്ചു. ഇവരിൽ 558  വീടിന്റെ നിർമാണം ആരംഭിച്ചു. 247 വീട് നിർമാണം പൂർത്തിയാക്കി. ഇവരിൽ 210 കുടുംബങ്ങൾക്ക് അയ്യങ്കാളി തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ കാർഡ് നൽകി. 100 ദിവസം തൊഴിലും ഉറപ്പാക്കി. നിർമാണംപൂർത്തിയായ 89 കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷനും നൽകി. 676 കുടുംബങ്ങളുടെ  വീട് നിർമാണത്തിന് 10.14 കോടി രൂപയാണ് കേന്ദ്രവിഹിതമായി നൽകേണ്ടത്. ഇതിൽ 1.5 കോടിയാണ് ഇതുവരെ ലഭിച്ചത്. എങ്കിലും നഗരസഭാവിഹിതം ഉപയോഗിച്ച് നിർമാണപുരോഗതി 80 ശതമാനത്തിലെത്തിച്ചു.  2022നുള്ളിൽ  എല്ലാ ഭവന രഹിതർക്കും വീട് നൽകാനുള്ള പ്രവർത്തനങ്ങൾ എൽഡിഎഫ് ഭരണസമിതി നടപ്പാക്കുകയാണ്.  നേരത്തേ 676 പേർക്ക് ധനസഹായം അനുവദിച്ചു. ഇതിൽ 247 പേർ വീടു നിർമാണം പൂർത്തിയാക്കി. മൊത്തം 1468പേർക്കാണ് വീട് നൽകുന്നത്
വീട് നിർമാണത്തിനുള്ള ധനസഹായവിതരണം മന്ത്രി  വി എസ് സുനിൽകുമാർ  നിർവഹിച്ചു. 93 ശതമാനം  ജനങ്ങള്‍ക്കും  സ്വന്തമായി വീടുള്ള ഇന്ത്യയിലെ  ഏക സംസ്ഥാനമായി കേരളം  മാറിയെന്നും  വികസനം  എന്ന് പറയുന്നത്  സമ്പത്തിന്റെ  ജനാധിപത്യ വിതരണമാണന്നും   മന്ത്രി  പറഞ്ഞു.  ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും  വീട് ഇല്ലാത്തവര്‍  67 ശതമാനം വരും.  കേരളത്തില്‍ അത്  ഏഴ‌് ശതമാനമായി  മാറി കൊണ്ടിരിക്കുകയാണ്.  100 ശതമാനം സാക്ഷരത,93 ശതമാനം  ജനങ്ങള്‍ക്ക്  കുടിവെളളം,വൈദ്യുതി ,എല്ലാ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍  എല്ലാ പഞ്ചായത്തുകളിലും  ഒന്നില്‍ കൂടുതല്‍ പള്ളിക്കൂടങ്ങള്‍, സുഗമമായ യാത്രകള്‍ക്ക് വേണ്ടിയുള്ള സഞ്ചാരയോഗ്യമായ റോഡുകള്‍  എന്നിങ്ങനെ നീളുന്നു  കേരളത്തിന്റെ അടിസ്ഥാന വികസനങ്ങള്‍.  പാവപ്പെട്ട കര്‍ഷകരുടെ വായ‌്പകള്‍ എഴുതിത്തള്ളാതെ വന്‍കിട കുത്തക  മുതലാളിമാരുടെ  കോടിക്കണക്കിന‌് വരുന്ന  കടള്‍  എഴുതിത്തള്ളുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈകൊള്ളുന്നത‌്.  എന്നാല്‍   കേരളത്തില്‍ വികസനത്തിന്റെ  എല്ലാ  ഗുണങ്ങളും  എല്ലാവരിലും  ഒരു പോലെ  എത്തിക്കുന്ന നിലപാടാണ്  സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും  മന്ത്രി പറഞ്ഞു. മേയർ അജിത വിജയൻ അധ്യക്ഷയായി. അഡ്വ. കെ രാജൻ എംഎൽഎ, ഡെപ്യൂട്ടിമേയർ പി റാഫി ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി സുകുമാരൻ , ജില്ലാ ആസൂത്രണസമിതി അംഗം വർഗീസ് കണ്ടംകുളത്തി, കെ രവീന്ദ്രൻ (സിപിഐ എം), അഡ്വ. വി എൻ നാരായണൻ(ജനതാദൾ എസ‌്) കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജ്യോതിഷ‌്കുമാർ, ഇ ബീന എന്നിവർ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഷീബ ബാബു സ്വാഗതവും സെക്രട്ടറി ഇൻ ചാർജ‌് വിനു സി കുഞ്ഞപ്പൻ നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top