19 October Saturday
റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ്‌

കൗമാരക്കുതിപ്പിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

മഴയെ വെല്ലും പോരാട്ടവീര്യം ജില്ലാ സ്‌കൂൾ ഗെയിംസ്‌ ഫുട്‌ബോളിൽ മാള, വലപ്പാട്‌ ഉപജില്ലകൾ മഴയെ കൂസാതെ ഏറ്റുമുട്ടുന്നു. മത്സരത്തിൽ വലപ്പാട്‌ ജയിച്ചു

തൃശൂർ
റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിന് തൃശൂരിൽ തുടക്കമായി. ഗെയിംസ് ഇനങ്ങളിൽ വിദ്യാർഥികളുടെ കായിക മികവ് പുറത്തെടുക്കുന്ന മേള നഗരത്തിലെ വിവിധ മൈതാനങ്ങളിലായി 
നാലുനാൾ നീണ്ടുനിൽക്കും. ആദ്യദിനത്തിൽ ഹോക്കി, ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങളാണ് ആരംഭിച്ചത്. 
അണ്ടർ 17 ആൺകുട്ടികളുടെ ഹോക്കി മത്സരത്തിൽ ചേർപ്പ് ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ തൃശൂർ ഈസ്റ്റിനെ പരാജയപ്പെടുത്തിയാണ് ചേർപ്പ് ഫൈനൽ ബർത്ത് നേടിയത്. വ്യാഴാഴ്ച നടക്കുന്ന ഇരിങ്ങാലക്കുട–- കൊടുങ്ങല്ലൂർ രണ്ടാംസെമി മത്സരവിജയികൾ ഫൈനലിൽ ചേർപ്പുമായി ഏറ്റുമുട്ടും.
അണ്ടർ 17 ഫുട്ബോളിൽ വാശിയേറിയ മത്സരങ്ങളാണ് കോർപറേഷൻ സിന്തറ്റിക് ടർഫ്  മൈതാനിയിൽ പുരോഗമിക്കുന്നത്. 12 ഉപജില്ലകളിലേയും മിന്നുംതാരങ്ങൾ പുറത്തെടുത്ത ഫുട്ബോൾ മാന്ത്രികത   ആവേശമുയർത്തി. ക്വാർട്ടർ ഫൈനൽ പിന്നിട്ടതോടെ, തൃശൂർ ഈസ്റ്റ്, ഇരിങ്ങാലക്കുട, ചേർപ്പ്, കുന്നംകുളം ഉപജില്ലകൾ സെമിയിൽ പ്രവേശിച്ചു. 11ന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യസെമിയിൽ ഈസ്റ്റ്, ഇരിങ്ങാലക്കുടയുമായും രണ്ടാം സെമിയിൽ ചേർപ്പ്, കുന്നംകുളവുമായും ഏറ്റുമുട്ടും.  
അണ്ടർ 17 ഗേൾസ് ഹോക്കിയിൽ തൃശൂർ വെസ്റ്റ്  ഫൈനലിൽ പ്രവേശിച്ചു. 
തൃശൂർ ഈസ്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ്‌ പരാജയപ്പെടുത്തിയത്. രണ്ടാം സെമിയിൽ മുല്ലശേരിയും ഇരിങ്ങാലക്കുടയുമായി ഏറ്റുമുട്ടും. 
അണ്ടർ 17 ആൺകുട്ടികളുടെ ക്രിക്കറ്റ് സെമിയിൽ തൃശൂർ ഈസ്റ്റും ചാലക്കുടിയും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ ക്വാർട്ടർ ജയിച്ചുവരുന്ന ടീം മുല്ലശേരി ഉപജില്ലയുമായി ഏറ്റുമുട്ടും. 
റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിന്റെ ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ പത്തിന് ഗവ. എൻജിനിയറിങ് കോളേജ് മൈതാനിയിൽ പ്രൊഫ.കെ യു അരുണൻ എംഎൽഎ നിർവഹിക്കും. 
മേയർ അജിത വിജയൻ അധ്യക്ഷയാവും.തുടർന്ന് ടെന്നീസ്, കബഡി, ഹാൻഡ്ബോൾ, ബാസ്കറ്റ് ബോൾ, വോളിബോൾ, ഷട്ടിൽ, ഖോ ഖോ, ചെസ് മത്സരങ്ങളും അരങ്ങേറും. 
സെന്റ് മേരീസ് കോളേജ് മൈതാനം, മുണ്ടൂർ ആത്രേയ ക്രിക്കറ്റ് അക്കാദമി, കോർപറേഷൻ സ്റ്റേഡിയം, കിണറ്റിങ്കൽ ടെന്നീസ് അക്കാദമി, ഗവ. എൻജിനിയറിങ് കോളേജ്, ദേവമാതാ പബ്ലിക് സ്കൂൾ, തൃപ്രയാർ ടിഎസ്ജി ഇൻഡോർ സ്റ്റേഡിയം, 
കുരിയച്ചിറ തൃശൂർ സ്പോർട്സ് സെന്റർ, ഗവ.മോഡൽ ഗേൾസ് എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് വേദി. 
12 ഉപജില്ലകളിൽനിന്ന് അയ്യായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കും. 12ന് വൈകിട്ട് ഗെയിംസ് സമാപിക്കും.
പ്രധാന വാർത്തകൾ
 Top