19 October Saturday
സ്ഥലമെടുപ്പ്‌ പൂർത്തിയായി

കുതിക്കാം ഇനി ഇരുപാതകളിലേക്കും

സ്വന്തം ലേഖകന്‍Updated: Thursday Oct 10, 2019
തൃശൂർ
കിഫ്‌ബിയിൽനിന്ന്‌ അനുവദിച്ച 11.99 കോടിയിലൂടെ അക്കിക്കാവ്‌–-കടങ്ങോട്‌–-എരുമപ്പെട്ടി റോഡ്‌ വികസനപദ്ധതിക്ക്‌ തുടക്കമായി. 
റോഡ്‌ മൂന്നര മീറ്ററിൽനിന്ന്‌ അഞ്ചര മീറ്ററാക്കിയാണ്‌ വികസിപ്പിക്കുന്നത്‌. കുറ്റിപ്പുറം സംസ്ഥാനപാതയെയും ചാവക്കാട്‌–-വടക്കാഞ്ചേരി സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്നതാണീ റോഡ്‌. 
നവീകരണം നടപ്പാക്കുന്നതോടെ രണ്ട്‌ സംസ്ഥാന പാതകളിലേക്കുമുള്ള യാത്ര സുഗമമാകും. സംസ്ഥാന പാതയിൽനിന്ന്‌  മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കെത്താൻ എളുപ്പത്തിൽ സാധ്യമാകും. 
  9.4 കിലോമീറ്റർ നീളത്തിലാണ്‌ റോഡ്‌ വികസനം. ഡ്രെയിനേജ്‌ സംവിധാനവും നടപ്പാതയുമുണ്ടാകും. 18 മാസംകൊണ്ട്‌ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. പൊതുമരാമത്ത്‌ വകുപ്പിനാണ്‌ നിർമാണച്ചുമതല.  
സ്വകാര്യബസുകളടക്കം നിരവധി വാഹനങ്ങളാണ്‌ ഇതിലൂടെ പോകുന്നത്‌. ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായിരുന്നു. കുരുക്കും അപകടങ്ങളുമുണ്ടായതോടെയാണ്‌ റോഡ്‌ വികസനം നടപ്പാക്കാൻ തീരുമാനിച്ചത്‌. റോഡ്‌ വികസനം നാടിന്‌ ആശ്വാസമാകുകയാണ്‌. 
റോഡ്‌ വികസനത്തിന്‌ അക്കിക്കാവിലെ സിപിഐ എം ഓഫീസ്‌  പൊതുമരാമത്ത്‌ പൊളിക്കാനെത്തിയപ്പോൾ സിപിഐ എം നേതാക്കളും പ്രവർത്തകരും പിന്തുണ നൽകി. വികസനത്തിനായി സർക്കാരിനും നാടിനും ഒപ്പം നിന്ന്‌ സിപിഐ എം പ്രവർത്തകർ മാതൃകയായി. 
വികസനത്തിനുള്ള സ്ഥലമെടുപ്പ്‌ പൂർത്തിയായി. കൈയേറ്റങ്ങളും മാറ്റി. വൈദ്യുതി പോസ്‌റ്റുകൾ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികൾ നടക്കും. ജലഅതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ റോഡ്‌ നവീകരണത്തിനൊപ്പം നടക്കും. അക്കിക്കാവിലെ കോൺഗ്രസ്‌ ഓഫീസും പൊളിച്ചിരുന്നു. 
എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷമാണ്‌ അക്കിക്കാവ്‌–-കടങ്ങോട്‌–-എരുമപ്പെട്ടി റോഡിന്‌ കിഫ്‌ബിയിലൂടെ ശാപമോക്ഷമായത്‌.  
മന്ത്രി എ സി മൊയ്തീന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണീ റോഡ്‌. റോഡ്‌ നവീകരണം  പ്രദേശത്തിന്റെ വൻവികസനത്തിന്‌ വഴിതുറക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top