21 November Thursday

ഗാന്ധിജിയുടെ ദേശീയത തകർത്തു: സുനിൽ പി ഇളയിടം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

ഗാന്ധിജയന്തി വാരാചരണ സമാപനത്തിൽ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തുന്നു

തൃശൂർ
ദേശീയതയെക്കുറിച്ച്‌ പറയാൻ ഭയക്കുന്ന കാലമാണെന്നും ദേശീയതയെക്കുറിച്ച്‌ പറയുന്നവരെ ദേശദ്രോഹികളാക്കി മുദ്രകുത്തുകയാണെന്നും സുനിൽ പി ഇളയിടം. "ഗാന്ധിജിയുടെ സമകാലികത' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.   സമത്വാധിഷ്‌ഠിത ദേശീയതയെയാണ്‌ ഗാന്ധിജി കാട്ടിത്തന്നത്‌. ദരിദ്രരുടെ കണ്ണീരൊപ്പുകയാണ്‌ വേണ്ടതതെന്നും അദ്ദേഹം കാട്ടിത്തന്നു.  ഹിന്ദുവിന്റെ രാജ്യത്തെയല്ല ഗാന്ധിജി വിവരിച്ചത്‌, പകരം രാഷ്‌ട്രത്തിന്‌ മതം ആവശ്യമില്ലെന്നും രാഷ്‌ട്രവും ഭരണവും മതനിരപേക്ഷമാകണമെന്നുമായിരുന്നു ഗാന്ധിജിയുടെ നിലപാട്‌. 42–-45 കാലഘട്ടത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.  ഗാന്ധിജിയുടെ ദേശീയതാ സങ്കൽപ്പം തകർക്കപ്പെട്ടിരിക്കുന്നു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമംവരെ നടക്കുന്നു. 
ഇന്ന്‌ രാജ്യത്തെ വലയം ചെയ്‌തിരിക്കുന്ന ഹിംസാത്മക മതരാഷ്‌ട്രയുക്തിക്കെതിരെയുള്ള  നിശിതവിമർശനങ്ങളാണ്‌ ഗാന്ധിജിയുടെ വീക്ഷണങ്ങൾ.  മതാധിഷ്‌ഠിത രാഷ്‌ട്രീയവാദത്തെ ഗാന്ധിജി അംഗീകരിച്ചില്ല. സാഹോദര്യത്തിലധിഷ്‌ഠിതമായ ദേശീയവാദമാണ്‌ എന്നും അദ്ദേഹം ഉയർത്തിപ്പിടിച്ചത്‌.  ഗാന്ധിജി  വാരിക്കളഞ്ഞ മാലിന്യം ഇപ്പോൾ രാജ്യത്തെ മൂടിക്കിടക്കുന്നു. 
ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്‌സേക്കു പിന്നിൽ ഒരു പ്രത്യയശാസ്‌ത്രശബ്ദമുണ്ട്‌. സവർക്കറുടെ ശബ്ദമാണത്‌. സവർക്കറും പ്രതിയാണ്‌. സവർക്കറുടെ പ്രത്യയശാസ്‌ത്രം ഉയർത്തിപ്പിടിക്കുന്നവരെ ഇന്ന്‌ പാർലമെന്റിൽ കാണാം. അങ്ങനെയാണ്‌ പ്രതിമയും വന്നത്‌. പാർലമെന്റിൽ ഗാന്ധിജിയുടെ പ്രതിമയ്‌ക്ക്‌ സമീപമാണ്‌ സവർക്കറുടേതും. ഗാന്ധിജിയുടെ പ്രതിമയ്‌ക്ക്‌ പുറംതിരിഞ്ഞുനിന്നാണ്‌ സവർക്കറുടെ പ്രതിമയെ ഇവർ വന്ദിക്കുന്നത്‌. ഇങ്ങനെ ചെയ്യുന്ന പ്രധാനമന്ത്രി തികച്ചും ഗാന്ധിവിരുദ്ധനാണ്‌ –-അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പ്‌  സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണ സമാപനം ടി എൻ പ്രതാപൻ എംപി ഉദ്‌ഘാടനം ചെയ്‌തു. 
മേയർ അജിത വിജയൻ അധ്യക്ഷയായി. കലക്ടർ എസ്‌ ഷാനവാസ്‌, കെ എൻ ഹരി, 
വി പി സുലഭകുമാരി എന്നിവർ സംസാരിച്ചു.  യു വി ജോസ്‌ സ്വാഗതവും ബി സേതുരാജ്‌ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top