26 September Saturday
ജില്ലയിൽ നിലവിൽ പ്രളയസാധ്യതയില്ല

മഴയൊഴിഞ്ഞ ഞായറാഴ്ച

സ്വന്തം ലേഖകന്‍Updated: Monday Aug 10, 2020

കരുവന്നൂർ പുഴയിൽ ഇല്ലിക്കൽ റെഗുലേറ്ററിൽ അടിഞ്ഞു കൂടിയ മരങ്ങളും മറ്റു തടസ്സങ്ങളും ഇരിങ്ങാലക്കുട ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു

തൃശൂർ 
കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരുന്ന ദിവസങ്ങളിൽ ജില്ലയിൽ മഴ കുറവ്. കഴിഞ്ഞ മൂന്നുദിവസമായാണ് മഴ ലഭ്യതയിൽ കുറവുവന്നത്. 
അതിതീവ്ര മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം‌ പറഞ്ഞിരുന്ന ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലെങ്ങും കാര്യമായ മഴ ലഭിച്ചില്ല. 
അതേസമയം, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ രണ്ടോ മൂന്നോ ദിവസംകൂടി ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഗോപകുമാർ ചോലയിൽ പറഞ്ഞു. 
ശനിയാഴ്ച രാവിലെമുതൽ ഞായറാഴ്ച രാവിലെവരെ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ചാലക്കുടിയിലാണ്. 93.40 മില്ലിമീറ്റർ. കൊടുങ്ങല്ലൂർ–- 89, ഏനാമാവ്–- 83, വെള്ളാനിക്കര–- 82 മില്ലിമീറ്റർ എന്നിങ്ങനെ മഴയാണ് ലഭിച്ചത്. 
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് പെരുമ്പാവൂരിലാണ്‌. 124 മില്ലിമീറ്റർ. ഡാമുകളിൽ വെള്ളം ഉയരുന്നതിനനുസരിച്ച് ഷട്ടറുകളിലൂടെയും സ്ലൂവിസ് വഴിയും വെള്ളം   വിടുന്നതിനാൽ ജില്ലയിലെവിടെയും നിലവിൽ അപകട സാഹചര്യമില്ലെന്ന് ഇറിഗേഷൻ അധികൃതർ വ്യക്തമാക്കി. 
വെള്ളം കടലിലേക്കിറങ്ങാത്ത ‘കടൽ കക്കുക’ എന്ന പ്രതിഭാസം നിലനിൽക്കുന്നതിനാൽ പുഴകളിലും തോടുകളിലും വെള്ളം കൂടാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരത്ത്‌ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു. എന്നിരുന്നാലും കഴിഞ്ഞ രണ്ടുതവണത്തേയും പ്രളയസാധ്യത നിലവിലില്ലെന്ന് ഗോപകുമാർ പറഞ്ഞു. 
കാലവർഷം കനത്തിട്ടും ജില്ലയിൽ ഇതുവരെ 21 ശതമാനം മഴ കുറവാണ് ലഭിച്ചത്. 
സംസ്ഥാനത്ത് അധിക മഴ ലഭിച്ചത് കോട്ടയം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ്. കോട്ടയത്ത് 24 ശതമാനവും കോഴിക്കോട്‌ 22 ശതമാനവും അധിക മഴ ലഭിച്ചു. കണ്ണൂർ 164, തളിപ്പറമ്പ് 121, എറണാകുളം സൗത്തിൽ 122, ചേർത്തല 110 മില്ലീമീറ്ററും മഴ ലഭിച്ചു. 
അതേസമയം, വെള്ളിയാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലെ കക്കയത്താണ്. 261 മില്ലിമീറ്റർ. 
സംസ്ഥാനത്ത് അടുത്തിടെ അതിതീവ്ര മഴ രേഖപ്പെടുത്തിയത് കക്കയത്തു മാത്രമാണ്. പീരുമേട് 177 മില്ലിമീറ്റർ മഴ ലഭിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top