25 September Friday
കൂടുതൽ ക്യാമ്പുകൾ തുറക്കുന്നു

കനോലി കനാൽ നിറഞ്ഞു: കടലാക്രമണം രൂക്ഷം

സ്വന്തം ലേഖകന്‍Updated: Monday Aug 10, 2020

കനോലി കനാൽ തീരത്തെ വീടുകളിൽ വെള്ളം കയറിയപ്പോൾ

 
കൊടുങ്ങല്ലൂർ
കടലാക്രമണം തുടരുകയും കനോലി കനാൽ നിറയുകയും ചെയ്‌തതിനെത്തുടർന്ന്‌ തീരദേശത്ത് കൂടുതൽ ക്യാമ്പുകൾ തുറക്കുന്നു. കനത്ത മഴയിൽ കനോലി കനാൽ നിറഞ്ഞതോടെ തീരദേശ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. കയ്പമംഗലം, പെരിഞ്ഞനം, എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിലായി നിരവധി വീടുകളാണ് വെള്ളക്കെട്ടിലായത്. എടത്തിരുത്തി മുതൽ കാക്കാത്തിരുത്തി വരെയാണ് കനാൽ നിറഞ്ഞത്. ഇവിടെനിന്നും ആളുകൾ നേരത്തെ  സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറി. പലയിടങ്ങളിലും ശുദ്ധജല സ്രോതസ്സുകളിൽ ഉപ്പുവെള്ളം കയറി. പ്രദേശത്തെ പ്രധാനപ്പെട്ട റോഡുകളെല്ലാം നിറഞ്ഞൊഴുകുകയാണ്. ഇതുമൂലം ഉൾനാടൻ റോഡുകളും വെള്ളത്തിലാണ്. 
എടത്തിരുത്തി പൈനൂർ, പല്ല, മഠത്തിക്കുളം, കോഴിത്തുമ്പ്, അയ്യംപടി കോളനി, നമ്പ്രാട്ടിച്ചിറ, കൂരിക്കുഴി സലഫി സെന്റർ, കാളമുറി കിഴക്കേ ഭാഗം, വഴിയമ്പലം കിഴക്ക് ചളിങ്ങാട് ഓർമ വളവ്, ചളിങ്ങാട് പള്ളി കിഴക്ക് എന്നീ പ്രദേശങ്ങളും വഴിയമ്പലം ഗാർഡിയൻ റോഡ് തുടങ്ങി പ്രധാനപ്പെട്ട റോഡുകളുമെല്ലാം വെള്ളക്കെട്ടിലാണ്‌. എറിയാട് പഞ്ചായത്ത് മേഖലയിൽ കടൽ ക്ഷോഭവും ശക്തമാണ്. പ്രദേശത്ത് കടൽ കരയിലേക്ക് കയറി.
തീരപ്രദേശത്തെ തോടുകളും പുരയിടങ്ങളും നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്. എറിയാട് പഞ്ചായത്തിലെ ലൈറ്റ് ഹൗസ് മുതൽ എടവിലങ്ങ് കാര വാക്കടപ്പുറം വരെയുള്ള പ്രദേശത്താണ് കടലാക്രമണം രൂക്ഷം.
കടലേറ്റവും വെള്ളക്കെട്ടും രൂക്ഷമായതോടെ തീരദേശ മേഖലയിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും. നിലവിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ, പെരിഞ്ഞനം ഈസ്റ്റ് യുപി സ്കൂൾ, എടവിലങ്ങ് ഫിഷറീസ് സ്കൂൾ എന്നിവിടങ്ങളിലായി മൂന്ന് ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂളിൽ മൂന്ന് കുടുംബങ്ങളിലായി കുട്ടികളടക്കം 14 പേരെയാണ് മാറ്റിത്താമസിപ്പിച്ചിരിക്കുന്നത്. കാര ഫിഷറീസിൽ മൂന്ന് കുടുംബങ്ങളിലായി എട്ടുപേരും പെരിഞ്ഞനം ഈസ്റ്റ് യുപി സ്കൂളിൽ മൂന്ന് കുടുംബങ്ങളിലായി 14 പേരുമാണുള്ളത്. വെള്ളക്കെട്ടുള്ള പ്രദേശത്തെ ഭൂരിഭാഗം പേരും കോവിഡ് ഭീതിയെ തുടർന്ന് ബന്ധുവീടുകളിലേക്കാണ് താമസം മാറുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top