21 March Thursday

പ്രളയ സമാനം, 561 പേരെ മാറ്റിപ്പാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 സ്വന്തം ലേഖകൻ

തൃശൂർ 
തോരാമഴയിൽ നാട് പ്രളയസമാനമായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും വ്യാപകമായ കൃഷിനാശവും ഉണ്ടായി. നിരവധി വീടുകളിലേക്കും വെളളം കയറി. രണ്ടു വീടുകൾ ഭാഗികമായി തകർന്നു. പല റോഡുകളും വെള്ളത്തിലാണ്. ജില്ലയിലെ എല്ലാ പുഴകളും കരകവിഞ്ഞൊഴുകുകയാണ്. ദേശീയപാത കുതിരാനിൽ തുരങ്കത്തിനു മേൽ രണ്ടാമതും മണ്ണിടിഞ്ഞു. മലമ്പ്രദേശങ്ങളിലും ചിലയിടങ്ങളിൽ മണ്ണിടിച്ചിലുണ്ട്. വീടുകളിൽ വെള്ളം കയറി താമസയോഗ്യമല്ലാത്തതിനെത്തുടർന്ന്  ഒമ്പത‌് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിലായി168 വീടുകളിലുള്ള 561 പേരെ മാറ്റിപ്പാർപ്പിച്ചു.  ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണവും മരുന്നും അടക്കം എല്ലാ സഹായവും എത്തിക്കാൻ സർക്കാർ സംവിധാനമൊരുക്കി. 
ഷട്ടർ തുറന്നിരുന്ന പീച്ചി, വാഴാനി കൂടാതെ ചിമ്മിനി ഡാമിലും ജലനിരപ്പ് പാരമ്യത്തിലെത്തിയതിനാൽ വെള്ളിയാഴ്ച തുറക്കുമെന്ന് അധികൃതർ പറഞ്ഞു.  കെഎസ്ഇബിക്കു കീഴിലുള്ള പെരിങ്ങൽകകുത്ത്, ലോവർ ഷോളയാർ, തമിഴ്നാടിന്റെ അധീനതയിലുള്ള അപ്പർ ഷോളയർ ഡാമുകൾ എന്നിവ തുറന്നതോടെ ചാലക്കുടി പുഴ ഭീതിദമാം വിധം കരകവിഞ്ഞൊഴുകുകയാണ്. പെരിങ്ങൽക്കുത്ത് ഡാം 46 അടിയാണ് തുറന്നിരിക്കുന്നത്. 
ഷോളയാർ ഡാമിന്റെ ഷട്ടറുകൾ വ്യാഴാഴ്ച അഞ്ചരയടി വരെ ഉയർത്തി.  തുടർന്ന് നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. ചീരക്കുഴി പോലുള്ള മൈനർ ഡാമുകളും നേരത്തേ തുറന്നിട്ടുണ്ട്. ഇത്രയും ഡാമുകൾ ഒരേ സമയത്തു തുറക്കുന്നത് ജില്ലയിൽ ആദ്യമാണ്.
ചിമ്മിനി ഡാമിൽ ജലനിരപ്പ് വ്യാഴാഴ്ച രാവിലെ 75.4 മീറ്ററായപ്പോഴാണ് ഡാം തുറക്കാനുള്ള ആദ്യമുന്നറിയിപ്പ് നൽകിയത്. വൈകിട്ട് ആറോടെ ജലനിരപ്പ് 75.72  മീറ്ററായി. രണ്ടാം മുന്നറിയിപ്പ് നൽകും. വെള്ളിയാഴ്ച ഉച്ചക്ക് ഡാം തുറന്നേക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ രാധാകൃഷ്ണൻ പറഞ്ഞു. ചിമ്മിഡി ഡാം 2015ലാണ് ഇതിനു മുമ്പ് തുറന്നത്.  ഒരാഴ്ചയിലേറെയായി തുറന്നിരിക്കുന്ന പീച്ചിഡാമിൽ നീരൊഴുക്ക് അൽപ്പം കുറഞ്ഞതിനെത്തുടർന്ന് നാലു ഷട്ടറുകൾ 12 ഇഞ്ചായി കുറച്ചു. 
ബുധനാഴ്ച 17 ഇഞ്ചായിരുന്നു തുറന്നത്. 79.25 മീറ്റർ സംഭരണ ശേഷിയുള്ള പീച്ചി ഡാമിൽ വ്യാഴാഴ്ച ജലനിരപ്പ് 78.13 മീറ്ററാണ്. കഴിഞ്ഞ ദിവസം  17 സെന്റീമീറ്റർ വീതം ഷട്ടറുകൾ തുറന്ന വാഴാനി ഡാമിൽ വ്യാഴാഴ്ച ഷട്ടറുകൾ അഞ്ചു സെന്റീമീറ്ററാക്കി കുറച്ചു. 62. 40 മീറ്റർ സംഭരണ ശേഷിയുള്ള വാഴാനി ഡാമിൽ ഇപ്പോൾ 62 മീറ്ററാണ് ജലനിരപ്പ്. ജലനിരപ്പ് ക്രമാതീതമായി കൂടിയാൽ കൂടുതൽ വെള്ളം തുറന്നു വിടേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.
ഭാരതപ്പുഴയും പലയിടത്തും കരകവിഞ്ഞു. ദേശമംഗലത്ത്   കൃഷിയിടങ്ങളും നിരവധി പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പീച്ചിയിൽ നിന്നുള്ള മണലിപ്പുഴയിൽ വെള്ളമുയർന്ന് പുത്തൂർ, നെന്മണിക്കര പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശമുണ്ടായി. 
കൊടുങ്ങല്ലൂർ വി പി തുരുത്ത്, കക്കമാടൻ തുരുത്ത്, പാലിയം തുരുത്ത് എന്നിവിടങ്ങളിലും കുഴൂർ പഞ്ചായത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ദേശീയപാത കുതിരാനിൽ രണ്ടാമതും മണ്ണിടിഞ്ഞത്   ആശങ്കയുണർത്തി. കുതിരാനിലെ തുരങ്കത്തിനു മേൽ ബുധനാഴ്ച മണ്ണിടിഞ്ഞതിന് സമീപമാണ് വ്യാഴാഴ്ചയും ഇടിഞ്ഞത്. തുരങ്കം തുറക്കുന്നത് അനിശ്ചിതമായി നിളും. 
ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതിനാൽ കുറുമാലി, കരുവന്നൂർപ്പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്  കലക്ടർ ടി വി  അനുപമ അറിയിച്ചു. 
ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ പരീക്ഷണാടിസ്ഥാനത്തിൽ  തുറന്നതിനാൽ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ വരുന്ന ലോകമലേശ്വരം, മേത്തല, പുല്ലൂറ്റ് എന്നിവിടങ്ങളിൽ താമസിക്കുന്നവരും പൊയ്യ, എറിയാട് ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്നവരും പെരിയാറിന്റെ 100 മീറ്റർ പരിധിയിൽ താമസിക്കുന്നവരും ജാഗ്രതപാലിക്കണമെന്ന‌്  കലക്ടർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top