Deshabhimani

സുരക്ഷിത ബാല്യമൊരുക്കാൻ ജില്ലയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 12:24 AM | 0 min read

 
തൃശൂർ  
"ബാലസൗഹൃദ കേരളം' പ്രാവർത്തികമാക്കാനൊരുങ്ങി ജില്ലയും. കുട്ടികൾക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ തടയുന്നതിനും കുട്ടികൾക്കിടയിലെ ആത്മഹത്യാ പ്രവണത, ലഹരിപദാർഥങ്ങളുടെ ഉപയോഗം എന്നിവ തടയുന്നതിനും കുട്ടികൾക്ക് സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവൽക്കരണം നൽകുന്ന പദ്ധതിയാണിത്‌.  തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെ ബാലാവകാശ കമീഷൻ നടത്തുന്ന പദ്ധതിയുടെ ആദ്യഘട്ടമായി "ബാലസൗഹൃദ രക്ഷാകർതൃത്വം' എന്ന പേരിൽ ജില്ലയിൽ കുടുംബശ്രീ അംഗങ്ങൾക്കായി പരിശീലനം നൽകി.  
കേരളത്തിലെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം കുടുംബാന്തരീക്ഷങ്ങൾ ബാലസൗഹൃദ ഇടങ്ങളാക്കാനും കുടുംബശ്രീയുടെ സഹകരണത്തോടെ കുടുംബങ്ങളിലേക്ക്‌ ബോധവൽക്കരണം എത്തിക്കുകയാണ്‌ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായാണ്‌  ബാലാവകാശ സംരക്ഷണ കമീഷന്റെ നേതൃത്വത്തിൽ ഏഴ് ജില്ലകളിൽ റിസോഴ്‌സ് പേഴ്സൺമാരെ ഉൾപ്പെടുത്തി  പരിശീലനം നൽകുന്നത്‌.  
ജില്ലയിൽ നടന്ന പരിശീലനം  സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സലിൽ യു അധ്യക്ഷനായി. അസി. ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ കെ കെ പ്രസാദ്, അരിമ്പൂർ  പഞ്ചായത്ത് പ്രസിഡന്റ്‌ സ്‌മിത അജയകുമാർ, ജില്ലാ ശിശുസംരക്ഷണ വകുപ്പ് ഓഫീസർ  സി ജി ശരണ്യ, സിഡിഎസ് ചെയർപേഴ്സൺ ജിജി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആദർശ് പി ദയാൽ എന്നിവർ സംസാരിച്ചു. ഡോ. ബാസ്‌പിൻ, സിമി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകി.


deshabhimani section

Related News

View More
0 comments
Sort by

Home