Deshabhimani

സംസ്ഥാന കായികമേളയില്‍ പങ്കെടുക്കാനായില്ലെന്ന് പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 12:12 AM | 0 min read

ചാലക്കുടി
സംഘാടകരുടെ പിഴവ് കാരണം കായിക താരത്തിന്   സംസ്ഥാന കായികമേളയിൽ പങ്കെടുക്കാനായില്ലെന്ന് പരാതി. ചാലക്കുടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്-വൺ വിദ്യാർഥിയും വെള്ളാഞ്ചിറ അതിപറമ്പത്ത് സുനിലിന്റെ മകളുമായ അഭിനന്ദ സുനിലിനാണ്  മേളയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായത്. 
    ജില്ലാ കായികമേളയിൽ മൂന്ന്‌  കിലോമീറ്റർ നടത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അഭിനന്ദ സംസ്ഥാന മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരുന്നു.  നടത്ത മത്സരം വെള്ളി രാവിലെ 6.10ന് നടക്കുമെന്ന് ഒക്‌ടോബർ 31ന്  അഭിനന്ദയ്‌ക്ക് വാട്‌സാപിൽ അറിയിപ്പ് ലഭിച്ചു. ജില്ലയിലെ ചുമതലയുള്ള സെക്രട്ടറി,  കായികാധ്യാപകരടങ്ങുന്ന ഗ്രൂപ്പിൽ നൽകിയ സന്ദേശം സ്‌കൂളിലെ കായികാധ്യാപികയാണ് അഭിനന്ദയ്‌ക്ക് കൈമാറിത്. ഇതുപ്രകാരം പരിശീലനം നടത്തുകയും ബുധനാഴ്ച എറണാകുളത്തെത്തി ജേഴ്‌സിയും ചെസ്റ്റ് നമ്പറും കൈപ്പറ്റുകയും ചെയ്തു. 
      അറിയിപ്പ് പ്രകാരം  മത്സരത്തിന് പോകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെ വ്യാഴാഴ്ച പകൽ 10.20ഓടെ പുതിയ അറിയിപ്പ് വന്നു. ഇതിൽ മത്സരം വ്യാഴം രാവിലെ 6.10ന് നടക്കുമെന്നാണ് പറയുന്നത്. രാവിലെ  നടന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള അറിയിപ്പ് അഭിനന്ദയ്‌ക്ക് ലഭിച്ചത്  രാവിലെ 10.20നാണ്. ജില്ലാ സെക്രട്ടറിയുമായി വീട്ടുകാർ ബന്ധപ്പെട്ടപ്പോൾ താൻ ഞായറാഴ്ച ഈ അറിയിപ്പ് ഇട്ടിരുന്നെന്ന മറുപടിയാണ് ലഭിച്ചത്. 
    എന്നാൽ കായികാധ്യാപിക പറയുന്നത് പുതിയ അറിയിപ്പ് വ്യാഴാഴ്ച രാവിലെ  10.20ഓടെയാണ് ഗ്രൂപ്പിൽ വന്നതെന്നാണ്. സംഘാടകർക്ക് പറ്റിയ പിഴവ് കാരണം  മികച്ച സമയത്തോടെ ജില്ലാ മേളയിൽ ഒന്നാം സ്ഥാനം നേടിയ അഭിനന്ദക്ക് മികച്ച  അവസരമാണ് നഷ്ടമായത്. കഴിഞ്ഞ വർഷവും അഭിനന്ദ സംസ്ഥാനമേളയിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്കും കായികവകുപ്പ് മന്ത്രിക്കും പരാതി നല്കാനുള്ള തയ്യാറെടുപ്പിലാണ് അഭിനന്ദ.


deshabhimani section

Related News

View More
0 comments
Sort by

Home