19 November Tuesday

മരണക്കെണിയായി ദേശീയപാത 66

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
 
നാട്ടിക 
ദേശീയപാത 66 അപകടക്കെണിയായി മാറിയിട്ട്‌ മാസങ്ങളായി.  മഴ തുടങ്ങിയതു മുതൽ  നാട്ടിക മേഖലയിൽ മാത്രം ദേശീയപാതയിൽ സംഭവിച്ചത്‌ നൂറ്റമ്പതിലേറെ വാഹനാപകടം.  ഒക്ടോബർ വരെയുള്ള കണക്കാണിത്. ബൈക്കപകടങ്ങളാണ് കൂടുതൽ. ദേശീയപാതയിലെ വലിയ കുഴികളിൽപ്പെട്ടാണ് ഏറെയും അപകടങ്ങൾ സംഭവിച്ചത്. കുഴികളുടെ കണക്കെടുത്താൽ കയ്പമംഗലം മുതൽ ചേറ്റുവ വരെ  ദേശീയപാതയിൽ രണ്ടായിരത്തോളം വരും.   വാഹനഗതാഗതം സാധ്യമല്ലാതായി. നാട്ടിക കോട്ടൺ മില്ലിന് സമീപത്താണ് കൂടുതൽ ബൈക്കപകടം നടന്നത്‌.  വലപ്പാട്, തളിക്കുളം പുത്തൻതോട് , ചെന്ത്രാപ്പിന്നി, കയ്പമംഗലം, ഏങ്ങണ്ടിയൂർ ,വാടാനപ്പള്ളി മേഖലകളിലും സ്ഥിതിക്ക്‌ മാറ്റമില്ല.  വലിയ ചരക്കുവാഹനങ്ങൾ, ബസ്സുകൾ, കാറുകൾ ഇവയൊക്കെ കുഴികളിൽ ചാടാതെ നോക്കാനായി  റോഡ്‌ മുഴുവൻ ഉപയോഗപ്പെടുത്തും. ഇതിനിടെ  പെട്ടുപോകുന്ന ബൈക്കുകൾ രക്ഷപ്പെടാനുള്ള ശ്രമത്തിൽ സംഭവിക്കുന്ന അപകടങ്ങളാണ് കൂടുതലും. ഓരോ മഴക്കാലം കഴിയുമ്പോഴും  നിരവധി പേർക്ക് ജീവഹാനിയും അംഗവൈകല്യവും സംഭവിക്കുകയാണ്. ഈ ദുരവസ്ഥ ദേശീയപാതാ അധികൃതർ  ഗൗനിക്കുന്നേയില്ല. ചിലയിടങ്ങളിൽ ദേശീയപാതയിലെ കുഴികൾ അടയ്‌ക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കുഴിയടച്ച ഭാഗത്തോ അതിനോട്‌ ചേർന്നോ  വീണ്ടും ഗർത്തങ്ങൾ രൂപപ്പെടുകയാണ്. ഇതുമൂലം ഈ വഴി വാഹന ഗതാഗതം ജീവൻമരണ പോരാട്ടമായി മാറുകയാണ്‌.
പ്രധാന വാർത്തകൾ
 Top