21 November Thursday

പുലി മെലിഞ്ഞാലും ‘ചാത്തുണ്ണി’യാകില്ല

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
സ്വന്തം ലേഖകൻ
തൃശൂർ
പുലികളെന്നാൽ കുടവയറന്മാരാണ്. എന്നാൽ ഈ മെലിഞ്ഞ പുലി തൃശൂരിന്റെ നഗരവീഥികൾ ആറുപതിറ്റാണ്ട് കീഴടക്കി. പക്ഷേ, അടുത്തവർഷം ചീറാൻ ചാത്തുണ്ണിപ്പുലി ഇല്ല. പുലി കാരണവർ ഓർമയായി. ഇനി ഏത്‌ മെലിഞ്ഞ പുലി വന്നാലും ചാത്തുണ്ണിയെ പൊലൊരാളുണ്ടാകില്ല.
പുലിച്ചുവടും പുലിത്താളവും  ഹരമായിരുന്ന ചാത്തുണ്ണി പതിനാറാം വയസ്സിലാണ് പുലിവേഷം കെട്ടിത്തുടങ്ങിയത്. 2017ൽ സ്വന്തം തട്ടകമായ അയ്യന്തോളിനുവേണ്ടിയാണ്  അവസാനമായി വേഷം കെട്ടിയത്. 2018ൽ പ്രളയംമൂലം പുലികളിയുണ്ടായില്ല.  ഈ വർഷം അവശതയാൽ പുലിവേഷം കെട്ടാനുമായില്ല.  മറ്റുവർഷങ്ങളിൽ കളി മുടക്കിയിട്ടില്ല. 41 ദിവസം വ്രതമനുഷ്ഠിച്ചാണ് ചാത്തുണ്ണി ശരീരത്തിൽ ചായം തേക്കുക. കർക്കടകം ഒന്നിനു തുടങ്ങിയാൽ അഞ്ചോണംവരെയാണ് വ്രതം.  ‘പുലികൊട്ടും പനതേങ്ങും' എന്ന അസുരതാളം വീണാൽ പിന്നെ ചാത്തുണ്ണിയുടെ കാൽ നിലത്തുറയ്‌ക്കില്ല. അരമണി കുലുക്കി നഗരത്തെ കിടുകിടെ വിറപ്പിക്കും. വാർധക്യംമൂലം  പത്തുവർഷം മുമ്പ്  പല്ലെല്ലാം കൊഴിഞ്ഞു. തൃശൂർ ഡിവൈഎസ്‌‌പിയായിരുന്ന പി യു പൈലിയാണ് കൃത്രിമപ്പല്ലുകൾ വയ്‌ക്കാൻ സഹായിച്ചത്.  ചാത്തുണ്ണിയുടെ വീട് നിറയെ പുലികളിക്ക് കിട്ടിയ അംഗീകാരങ്ങളാണ്‌. സ്വാതന്ത്ര്യ നിലാവ്, കീർത്തിപത്രിക തുടങ്ങി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.      
പലരും പുലിവേഷം കെട്ടാൻ ആയിരങ്ങൾ വാങ്ങും. എന്നാൽ ചാത്തുണ്ണി പണം മോഹിച്ചല്ല വേഷം കെട്ടുന്നത്. കല വളർത്തണം. തന്നത് വാങ്ങും, അത്ര മാത്രം. പഴയ കാലത്ത് വരയൻ, പുള്ളി, കരിമ്പുലി, പട്ടപ്പുലി തുടങ്ങിയ വേഷം മുഖത്ത് വരക്കാറാണ് പതിവ്. വയറിൽ പുലി മുഖം വരയ്‌ക്കാറില്ല.  ഇപ്പോൾ കുടവയറിലാണ് മുഖം വരയ്‌ക്കുന്നത്. ചുവടുവയ്പുകൾ കുറഞ്ഞ് ശരീരം കുലുക്കുക മാത്രമാണ് ചെയ്യുന്നത്. ‘ ശരീര  മുഖ ചലനങ്ങളാൽ പുലിയാവണം.  ഓരോ ചുവടുകൾക്കും പ്രാധാന്യമുണ്ട് ’–-  ഇതാണ്  ചാത്തുണ്ണിയുടെ തത്വം.
പ്രധാന വാർത്തകൾ
 Top