19 October Saturday

കേച്ചേരി–-ചൂണ്ടൽ പാലങ്ങൾ ഒരുങ്ങുന്നു

ടി വി വിനോദ്‌Updated: Wednesday Oct 9, 2019

 

തൃശൂർ
ചൂണ്ടൽ പാലം: എസ്‌റ്റിമേറ്റ്‌: 3.39 കോടി. പൂർത്തിയാക്കൽ: 2-020 ജൂൺ. നിർമാണം അവസാനഘട്ടത്തിലേക്ക്‌.
ചൂണ്ടൽ പാലത്തിന്‌ സമീപമുള്ള മാരുതി സർവീസിൽ നാലുവർഷമായി സെക്യൂരിറ്റി ജീവനക്കാരനാണ്‌ കൂർക്കഞ്ചേരി സ്വദേശി കിഴക്കേപുരയ്‌ക്കൽ രവികുമാർ. ഗതാഗതക്കുരുക്ക്‌ മൂലം  തൃശൂരിൽ നിന്ന്‌ ഷോറൂമിലേക്കും തിരിച്ചും പോകാൻ ഏറെ പാടുപെടുകയാണിപ്പോൾ. "രാവും പകലും ഇവിടെ കുരുക്കാണ്‌. പാലം വന്നാൽ കുരുക്കഴിയും' രവികുമാർ പറഞ്ഞു. "നാടിന്റെ സ്വപ്‌നമാണ്‌ ഈ പാലം' ചൂണ്ടൽ പാലത്തിന്‌ സമീപത്തെ കടക്കാരനായ തൈക്കാട്‌ ഊട്ടുമഠത്തിൽ പുഷ്‌പൻപറഞ്ഞു.  നീണ്ട കാലത്തെ നാടിന്റെ ആവശ്യം എൽഡിഎഫ്‌ സർക്കാർ യാഥാർഥ്യമാക്കുന്നതിന്റെ ആഹ്ലാദമാണ്‌ ഇവർ പങ്കുവച്ചത്‌. 
05 മീറ്റർ വീതിയിലും 27 മീറ്റർ വീതിയിലുമാണ്‌ ചൂണ്ടൽ തോടിന്‌ മുകളിലൂടെ പാലം ഒരുങ്ങുന്നത്‌. ചൂണ്ടൽ പാലത്തിന്‌ സമീപമാണ്‌ പുതിയ പാലം. ബോക്‌സുകളിട്ടാണ്‌ നിർമാണം. അടുത്ത പടിയായി കോൺക്രീറ്റിങ്. തുടർന്ന്‌ അപ്രോച്ച്‌ റോഡും പൂർത്തിയായാൽ പാലം തുറന്നുകൊടുക്കും. നടപ്പാതയുമുണ്ട്‌.  പിഡബ്ല്യുഡിക്കാണ്‌ (ബ്രിഡ്‌ജസ്) നിർമാണച്ചുമതല.  ജൂണിൽത്തന്നെ പാലം നാടിന്‌ സമർപ്പിക്കുമെന്ന്‌ അസി.എക്‌സി.എൻജി. എം കെ സന്തോഷ്‌ കുമാർ വ്യക്തമാക്കി.
കേച്ചേരി പാലം: എസ്‌റ്റിമേറ്റ്‌: ‌‌3.50 കോടി. പൂർത്തിയാക്കൽ: 2020 ജൂൺ.
കേച്ചേരിക്ക്‌ പുഴയ്‌ക്ക്‌ മുകളിൽ കുറച്ച്‌ വർഷം മുമ്പുവരെ പഴയൊരു ഇരുമ്പുപാലമുണ്ടായിരുന്നു. ഇടിഞ്ഞുവീഴുമെന്നായതോടെ പാലം അടച്ചു. ഈ പാലത്തിന്റെ സ്ഥാനത്താണ്‌ പുതിയ പാലം നിർമിക്കുന്നത്‌. കേച്ചേരി പുഴയിൽ തൂൺ സ്ഥാപിക്കാനുള്ള പ്രവർത്തികളാണ്‌ നടക്കുന്നത്‌. പത്ത്‌ മീറ്റർ വീതിയിലും 34.14 മീറ്ററിലുമാണ്‌ പാലം. നടപ്പാതയുമുണ്ട്‌. കാലവർഷത്തിൽ വെള്ളം ഉയർന്നതോടെ നിർമാണം തുടരാനായിട്ടില്ല. ഉടൻ നിർമാണം പുനരാരംഭിക്കുമെന്ന്‌ അസി. എക്‌സി.എൻജി. പറഞ്ഞു. അടുത്തവർഷം പാലം പൂർത്തിയാക്കാമെന്നാണ്‌ പ്രതീക്ഷ.
കേച്ചേരി പാലത്തിലൂടെയാണ്‌ ഇപ്പോൾ   വാഹനങ്ങൾ പോകുന്നത്‌. ഇതുമൂലം വൻകുരുക്കാണ്‌. അപകടങ്ങളുമുണ്ടാകുന്നു. പാലം തുറക്കുന്നത്‌ കാത്തിരിക്കുകയാണെന്ന്‌ കേച്ചേരി പാലത്തിന്‌ സമീപത്തെ സ്‌റ്റേഷനറിക്കടയുടമ ചല്ലിയിൽ മോഹൻ പറഞ്ഞു. കുരുക്കിന്‌ ശാശ്വതപരിഹാരമാണ്‌ പാലമെന്ന്‌ കേച്ചേരി സ്വദേശി ജോൺസൺ പറഞ്ഞു.
തൃശൂർ–-കുറ്റിപ്പുറം സംസ്ഥാനപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ കേച്ചേരി, ചൂണ്ടൽ പാലങ്ങളും പൊതുമരാമത്ത്‌ വകുപ്പിന്റെ മേൽനോട്ടത്തിൽ സ്ഥാപിക്കുന്നത്‌. ആദ്യഘട്ടത്തിൽ തൃശൂർ മുതൽ ചൂണ്ടൽ വരെയാണ്‌ വികസനം. ലുലു ജങ്‌ഷൻ മുതൽ മുണ്ടൂർ വരെ ആറുവരിയാക്കി വികസനം പൂർത്തിയായി. പുഴയ്‌ക്കൽ പാലവും തുറന്നുകൊടുത്തു.  പാലങ്ങൾക്കൊപ്പം റോഡും വികസിക്കുന്നത് നാടിന്റെ വൻവികസനത്തിനാണ്‌ വഴിതുറക്കുകയെന്ന്‌  മുരളി പെരുനെല്ലി എംഎൽഎ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top