19 October Saturday

കലശമലയിലെ കുളവെട്ടിപ്പെരുമ

സി എ പ്രേമചന്ദ്രൻUpdated: Wednesday Oct 9, 2019

കുന്നംകുളത്തിനടുത്ത്‌ പോർക്കുളം കലശമല ശിവ വിഷ്ണു ക്ഷേത്രത്തോട് ചേര്‍ന്നുള്ള കുളവെട്ടി മരക്കൂട്ടം

 
കുന്നംകുളം 
ലോകത്താകെ നാ‌നൂറോളം കുളവെട്ടി മരങ്ങൾ. ഇതിൽ 220 മരം കുന്നംകുളത്തിനടുത്ത് കലശമലയിൽ. ഇവിടെ ചെറുമരങ്ങൾ വേറെയും. ജൈവസമ്പത്തിന്റെ  അടയാളമായി ലോകനെറുകയിലേക്ക് വളർന്ന കുളവെട്ടിക്കും കലശമലയ്‌ക്കുമുള്ള ലോകപൈതൃകസ്ഥാന പ്രഖ്യാപനം പരിസ്ഥിതിസ്നേഹികൾ  കാതോർക്കുകയാണ്. ഇന്റർനാഷണൽ യൂണിയൻ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ്‌ നേച്ചർ റിസോഴ്സിന്റെ ചുവപ്പു ലിസ്‌റ്റിൽ ഉൾപ്പെട്ടതാണീ മരം.   വംശനാശം നേരിടുന്ന  കുളവെട്ടിയുടെ അപൂർവസങ്കേതമാണ് കലശമല താഴ്വാരം. ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിക്കാനുള്ള  പ്രധാന ഇടമാണിവിടം. പക്ഷേ, എല്ലാ രേഖകളും സമർപ്പിച്ചിട്ട് പത്തുവർഷം പിന്നിട്ടിട്ടും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന ജൈവവൈവിധ്യ ബോർഡും പരിസ്ഥിതിവകുപ്പും  നിർദേശം അംഗീകരിച്ചു. നിയമവകുപ്പിന്റെയും സർക്കാരിന്റെയും അംഗീകാരത്തിനുശേഷം മദ്രാസ് ആസ്ഥാനമായ ജൈവവൈവിധ്യ അതോറിറ്റിയാണ് പ്രഖ്യാപനം നടത്തുക.  
  കലശമല ശിവവിഷ്ണു ക്ഷേത്രത്തോട് ചേർന്നാണ് ഇവ കൂട്ടമായി വളരുന്നത്. കടുത്ത വേനലിലും വറ്റാതെ മലയിൽനിന്നിറങ്ങി വന്നിരുന്ന നീരുറവയും ജൈവാംശങ്ങളും ചേർന്ന് സൃഷ്ടിച്ച ചതുപ്പിലാണ് മരങ്ങൾ വളർന്നത്. കേരള കാർഷികസർവകലാശാലയിലെ വനശാസ്ത്ര കോളേജിലെ ഡോ. കെ വിദ്യാസാഗർ 2005ൽ നടത്തിയ പഠനത്തിലാണ് കുളവെട്ടിയുടെ ജൈവവൈവിധ്യം തിരിച്ചറിഞ്ഞത്. ജൈവസമ്പത്ത്‌ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ ഉപയോഗം പ്രയോജനപ്പെടുത്തുന്നതിനുമായി 2002ൽ ജൈവവൈിധ്യനിയമം പാസാക്കി. 2007ൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ബോട്ടണി വിഭാഗം പ്രൊഫസർ പി എൻ ഗണേശിന്റെ നിർദേശാനുസരണം ജൈവവൈവിധ്യ ബോർഡിൽ ജോലി ചെയ്തിരുന്ന പ്രൊഫ.എം കെ  ഹരിനാരായണൻ നടത്തിയ പഠനങ്ങളിലാണ് ഈ  മരം ലോകത്ത് അപൂർവമായ സൈസീജിയം ട്രാവൻകോറിക്കമാണെന്ന് തിരിച്ചറിഞ്ഞത്. 2009ൽ വിശദമായ റിപ്പോർട്ട് ജൈവവൈവിധ്യബോർഡിന് സമർപ്പിച്ചു. പൈതൃകസ്ഥാനത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു. പോർക്കുളം പഞ്ചായത്തും ശിവവിഷ്ണു ക്ഷേത്രം അധികൃതരും പ്രദേശവാസികളും  പ്രകൃതിസംരക്ഷണത്തിനായി ഒത്തുചേർന്നു. ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സെക്രട്ടറി പി എം മനോജ്കുമാറിന്റെ നേതൃത്വത്തിൽ നിരന്തരമായ ശ്രമങ്ങളും നടത്തിവരികയാണ്. വനംവകുപ്പ്‌ പൈതൃകസ്ഥാനമായി കണക്കാക്കി ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ട്‌. വൃക്ഷങ്ങൾ കാണാൻ വിദേശികളടക്കം  കലശമലയിലെത്താറുണ്ട്. പൈതൃകസ്ഥാനം നേടുന്ന പ്രദേശങ്ങൾ സ്വകാര്യമായാലും പൊതുവായാലും  ഭൂമിയുടെ അവകാശത്തിൽ മാറ്റംവരില്ലെന്ന് പി എം മനോജ്കുമാർ പറഞ്ഞു. പ്രദേശസംരക്ഷണത്തിന്‌ സർക്കാർതലങ്ങളിൽനിന്നും ആഗോള ഏജൻസികളിൽനിന്നും ഫണ്ട് ലഭിക്കും. കലശമലയുടെ നാശംമൂലം  നീരുറവകൾ വറ്റുകയാണ്. കുളവെട്ടിക്കും ഉണക്കം ബാധിക്കുന്നുണ്ട്. അതിനാൽ പൈതൃകസ്ഥാനം നേടിയെടുത്ത് ബൃഹത്തായ സംരക്ഷണപദ്ധതിക്ക് രൂപം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top