19 September Saturday

ഓണത്തിനുള്ള സര്‍ക്കാര്‍ കിറ്റ് ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍Updated: Sunday Aug 9, 2020
തൃശൂർ 
കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ  മുഴുവൻ റേഷൻകാർഡ് ഉടമകൾക്കും കൈമാറാനുള്ള സൗജന്യ പലവ്യഞ്ജന ഓണക്കിറ്റുകൾ ഒരുങ്ങുന്നു. 
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ അടങ്ങുന്ന സപ്ലൈകോയുടെ റീജണൽ കേന്ദ്രത്തിന്റെ കീഴിലുള്ള സെന്ററുകളിലാണ് 11 ഇനങ്ങൾ അടങ്ങുന്ന കിറ്റുകൾ വിതരണത്തിനായി തയ്യാറാക്കുന്നത്. ആഗസ്ത് മൂന്നാംവാരംമുതൽ കിറ്റുകൾ റേഷൻകടകൾവഴി വിതരണം ആരംഭിക്കും. 
തൃശൂർ ജില്ലയിൽ 8.43 ലക്ഷം, പാലക്കാട്–-  7.53 ലക്ഷം, മലപ്പുറം–- 10.12 ലക്ഷം എന്നിങ്ങനെ മൂന്നുജില്ലകളിലെ 28 ലക്ഷംപേർക്ക് കിറ്റ് ലഭിക്കും. പഞ്ചസാര, ചെറുപയർ അല്ലെങ്കിൽ വൻപയർ, ശർക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാറുപൊടി, വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ളവർ ഓയിൽ, പപ്പടം, സേമിയ അല്ലെങ്കിൽ പാലട, ഗോതമ്പ്നുറുക്ക് എന്നിവ അടങ്ങിയ കിറ്റാണ് ഓണത്തിനുമുമ്പ് എല്ലാവരുടെയും വീടുകളിൽ എത്തുകയെന്ന് റീജണൽ മാനേജർ യു മോളി പറഞ്ഞു.  
സപ്ലൈകോയുടെ പാലക്കാട് റീജണുകീഴിലെ 14 ഡിപ്പോകളിലെ തൃശൂർ–- 122, പാലക്കാട്–- 96, മലപ്പുറം–- 124 എന്നീ 342 സെന്ററുകളിലാണ് കിറ്റുകൾ ഒരുങ്ങുന്നത്. ഈ കേന്ദ്രങ്ങളിലെ മാവേലി സ്റ്റോർ, സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലെ പാക്കിങ് തൊഴിലാളികളും വിവിധ സംഘടനകളുടെയും മറ്റും സന്നദ്ധപ്രവർത്തകർ ചേർന്നാണ് കിറ്റുകൾ തയ്യാറാക്കുന്നത്. പഞ്ചസാര, പയർ, ഗോതമ്പുനുറുക്ക് എന്നിവ സപ്ലൈകോയുടെ കേന്ദ്രങ്ങളിൽത്തന്നെയാണ് പാക്ക് ചെയ്യുന്നത്.  
സപ്ലൈകോ പാക്ക് ചെയ്യുന്നതും പാക്ക് ചെയ്ത് സപ്ലൈകോയിൽ എത്തുന്നതുമായ 11 പലവ്യഞ്ജനങ്ങളും തുണിസഞ്ചിയിൽ നിറയ്ക്കുന്ന പ്രവർത്തനങ്ങളും   വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു.  
റേഷൻകട ഉടമകൾക്ക് കിറ്റൊന്നിന് 7.50 രൂപവച്ച് നൽകാനും സർക്കാർ ഉത്തരവായിട്ടുണ്ട്. ഇതുപ്രകാരം ഒരു റേഷൻകട ഉടമയ്ക്ക് ശരാശരി 4000 രൂപ കിറ്റ് വിതരണത്തിലൂടെ ലഭിക്കും.     മുഴുവൻ കിറ്റും മറ്റു തടസ്സങ്ങൾ ഇല്ലാതെ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് റേഷൻകട ഉടമകൾ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top