18 June Friday

വാക്‌സിൻ 
കിട്ടാക്കനി

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021
 
തൃശൂർ 
വാക്‌സിൻ പ്രതിസന്ധി ജില്ലയിൽ അതിരൂക്ഷം. ആദ്യഘട്ടത്തിൽ ഒരു ദിവസം 38,000 ഡോസ് വരെ നൽകിയിരുന്ന സ്ഥാനത്ത് 8000 ഡോസ് മാത്രം വിതരണം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ്‌.  ശനിയാഴ്ച ജില്ലയിൽ 8000 കോവിഷീൽഡ് വാക്‌സിനാണ് ലഭിച്ചത്. ഇത് തിങ്കളാഴ്ച വിതരണം ചെയ്യും. സാമൂഹികാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി, താലൂക്ക് ആസ്ഥാനം, ജില്ലാ ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് വിതരണം ചെയ്യുക. ഇതിനായുള്ള ബുക്കിങ് ഞായറാഴ്‌ച വൈകിട്ട്  മൂന്നിന് ആരംഭിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ  ലഭിക്കുന്ന ഡോസ് വിതരണം ചെയ്യില്ല. 
 കണ്ടെയ്‌ൻമെന്റ്‌ സോണായതുമൂലം വാക്‌സിൻ നൽകാൻ കഴിയാതെ പോയ  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുണ്ടെങ്കിൽ അവിടെ തിങ്കളാഴ്‌ച നൽകും. 
900 പേർക്ക് എങ്കിലും മൂന്നു ഘട്ടമായി ഒരു ദിവസം വാക്‌സിൻ നൽകാനുള്ള സൗകര്യം തൃശൂർ മെഡിക്കൽ കോളേജിലുണ്ട്. എന്നാൽ, ഇവിടെ 500 ഡോസ് മാത്രമാണ് തിങ്കളാഴ്ച നൽകുക. ജില്ലാ ആശുപത്രിയിൽ 500 മുതൽ 600 വരെ പേർക്ക് നൽകാം. എന്നാൽ, ഇവിടെ വെറും 300 ഡോസ് മാത്രമേ നൽകാൻ കഴിയുള്ളൂ. പരമാവധി എല്ലാ സ്ഥാപനങ്ങളിലും കുറച്ച് ഡോസ് വാക്‌സിൻ എങ്കിലും എത്തിക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യ വിഭാഗത്തിന്റേത്. 
തുടക്കത്തിൽ ക്യാമ്പുകൾ നടത്തി കോവാക്‌സിൻ വിതരണം ചെയ്തിരുന്നു. അവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയമായി. ഇത് 17 മുതൽ നൽകാൻ സാധ്യതയുണ്ട്. എന്നാൽ, വെറും 4000 ഡോസ് മാത്രമേ കോവാക്സിൻ സ്റ്റോക്കുള്ളൂ. 
രണ്ടാം ഡോസ് എടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ ഒഴിവാക്കിയത് ആളുകളുടെ തള്ളിക്കയറ്റംമൂലം പിൻവലിക്കുകയായിരുന്നു. ആളുകൾ സ്ലോട്ട് ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുന്നുമുണ്ട്.   ഒന്നരലക്ഷം എങ്കിലും വാക്‌സിൻ ഒരാഴ്ചത്തേക്ക് ലഭിക്കുകയാണെങ്കിൽ 3000 ഡോസ് വീതം ഒരു ദിവസം നൽകാൻ സാധിക്കും എന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.  ഇവ ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ പ്രതിസന്ധിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top