14 April Wednesday

കൂടപ്പുഴ തടയണയുടെ 
അറ്റകുറ്റപ്പണി പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

കൂടപ്പുഴ തടയണ

 

ചാലക്കുടി
കൂടപ്പുഴ തടയണയുടെ അറ്റകുറ്റപ്പണി  പുരോഗമിക്കുന്നു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ജലവിഭവ വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ചാണ്‌ തടയണയുടെ അറ്റകുറ്റപ്പണി നടത്തുന്നത്. പ്രളയത്തിൽ കൂടപ്പുഴ തടയണയ്‌ക്ക് കാര്യമായ നാശം സംഭവിച്ചിരുന്നു. മഴവെള്ളം കുത്തിയൊലിച്ചതോടെ തടയണയുടെ മുകളിലെ കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തായി.  2019ലെ വെള്ളപ്പൊക്കത്തിലും നാശമുണ്ടായി. തടയണയ്‌ക്ക് കേടുസംഭവിച്ചതോടെ  രണ്ട് വർഷമായി വെള്ളം നിയന്ത്രിച്ച് നിർത്താൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ബി ഡി ദേവസി എംഎൽഎ യുടെ ഇടപെടലിനെ തുടർന്ന് റിബിൽഡ് കേരളയിൽ ഉൾപ്പെടുത്തി തടയണയുടെ അറ്റകുറ്റപ്പണി ആരംഭിച്ചത്. ഇതിന് പുറമെ പ്രോജക്ട്‌ മെയിന്റനൻസ് ഫണ്ടുപയോഗിച്ച് 80ലക്ഷം രൂപ ചെലവിൽ പാർശ്വഭിത്തി കെട്ടലും നടക്കുന്നുണ്ട്. തടയണയുടെ ഇടതുകരയിൽ നിന്നാണ് അറ്റകുറ്റപ്പണി തുടങ്ങിയിരിക്കുന്നത്. 
മണൽചാക്കുകൾ നിരത്തി പുഴയിലെ വെള്ളം തിരിച്ചുവിട്ടാണ് പണി നടത്തുന്നത്.  90മീറ്റർ നീളത്തിലും 2.6മീറ്റർ വീതിയിലുമാണ് തടയണ നിർമിച്ചിരിക്കുന്നത്. വെള്ളം ഒഴുകിപ്പോകാനായുള്ള 1.5മീറ്റർ വീതിയിലുള്ള മാർഗങ്ങളുമുണ്ട്. പുഴയിലെ ജലവിതാനം താഴുന്ന സാഹചര്യത്തിൽ തടയണയിലെ വെള്ളം പോകുന്ന മാർഗം അടച്ച് ജലനിരപ്പ് ഉയർത്താം. ചാലക്കുടി നഗരസഭക്ക് പുറമെ മേലൂർ, കോടശേരി, പരിയാരം  പഞ്ചായത്തുകൾക്കും തടയണയുടെ ഗുണം ലഭിക്കും.    

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top