Deshabhimani

മാലിന്യ വിഷയത്തില്‍ സ്തംഭിച്ച് ചാലക്കുടി നഗരസഭാ ഭരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 11:31 PM | 0 min read

ചാലക്കുടി
മാലിന്യ വിഷയത്തിൽ സ്തംഭിച്ച് ചാലക്കുടി നഗരസഭ ഭരണം. കട്ടപ്പുറത്ത് കിടക്കുന്ന നഗരസഭയുടെ മൊബൈൽ സ്വീവേജ് ട്രീറ്റുമെന്റ് വിവാദം നിലനിൽക്കെയാണ് മലിനജലം ഒഴുകുന്നത് തടയാത്തതിൽ പ്രതിഷേധിച്ച് നഗരസഭക്കെതിരെ വീണ്ടും ജനരോഷമുയരുന്നത്. 
   ടൗൺഹാൾ ഷോപ്പിങ് കോപ്ലക്‌സ് കെട്ടിടത്തിൽ നിന്നും താഴത്തെ കടകളിലേക്ക് സെപ്റ്റിക് മാലിന്യം ഒഴുകുന്നതാണ് പുതിയ വിവാദം. കെട്ടിടത്തിന്റെ മുകളിൽ നിന്നുള്ള മലിനജലം ഇപ്പോഴും താഴത്തെ മുറികളിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. രൂക്ഷമായ ദുർഗന്ധവും വമിക്കുന്നുണ്ട്. ഇത്‌ സംബന്ധിച്ച് രണ്ടാഴ്ച മുമ്പ് ചെയർമാന് പരാതി നൽകിയിരുന്നു. എന്നാൽ ചെയർമാൻ പരാതി ഗൗനിച്ചില്ലെന്നാണ് വ്യാപാരികളുടെ ആക്ഷേപം. വ്യാഴം വൈകിട്ടോടെ താഴത്തെ സ്ഥാപനങ്ങളിലും പരിസരത്തും മലിനജലം കൂടുതലായി ഒഴുകിയെത്തി. രാത്രിയായിട്ടും ഇത് തടയാനായിട്ടില്ല. 
    പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് സെപ്റ്റിക് മാലിന്യം ഒഴുകിയെത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. പ്രദേശത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള സെപ്റ്റിക് മാലിന്യം നേരിട്ട് കാനയിലേക്ക് ഒഴുക്കിവിടുന്നതാണ് ബസ് സ്റ്റാൻഡ്‌ പരിസരത്തേക്കെത്തുന്നത്. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും നഗരസഭ ആരോഗ്യ വിഭാഗം തിരിഞ്ഞ് നോക്കുന്നില്ലെന്നാണ്  വ്യാപാരികളുടെ പരാതി. 
  വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. നഗരസഭയുടെ മൊബൈൽ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്താനായാണ് മൊബൈൽ വാഹനം കയറ്റിയിട്ടിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം നഗരസഭ ചെയർമാൻ നൽകിയ വിശദീകരണം. 
ഏതായാലും മാലിന്യ പ്രശ്‌നം നഗരസഭ ചെയർമാനും ഭരണസമിതിക്കും തലവദനയായിരിക്കുകയാണ്.


deshabhimani section

Related News

View More
0 comments
Sort by

Home