24 October Thursday

അടൂരിനൊപ്പം സാംസ്കാരിക കേരളം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

നേരിനൊപ്പം അടൂരിനൊപ്പം സാംസ്‌കാരിക സംഗമത്തിൽ കലാകാരന്മാരും സാംസ്‌കാരിക നായകരും ദീപം തെളിയിക്കുന്നു

തൃശൂർ
വിശ്വ ചലച്ചിത്രരംഗത്ത്‌ മലയാളത്തിന്റെ യശസുയർത്തിയ ചലച്ചിത്രാചാര്യൻ അടൂർ ഗോപാലകൃഷ്ണന്‌ സാംസ്കാരിക കേരളത്തിന്റെ ഐക്യദാർഢ്യവുമായി സാഹിത്യ–കലാ–--സാംസ്കാരിക നായകരുടെ മഹാസംഗമം. അടൂരിനെതിരെ ഭീഷണി മുഴക്കിയ സംഘപരിവാറിന്‌ താക്കീതായി  കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് ചേർന്ന മഹാസംഗമം . ‘നേരിനൊപ്പം അടൂരിനൊപ്പം' എന്ന സന്ദേശവുമായി സംഘടിപ്പിച്ച മഹാസംഗമത്തിൽ സംഘപരിവാർ ഭീഷണികൾക്ക് ഇരകളായ മറ്റ്‌ സാംസ്കാരിക നേതാക്കളടക്കം നിരവധി കലാപ്രതിഭകളും എഴുത്തുകാരും പങ്കെടുത്തു.  
ബുധനാഴ്ച വൈകിട്ട് തൃശൂർ റീജണൽ തിയറ്ററിൽ ചേർന്ന പ്രതിഷേധ മഹാസംഗമം പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷനായി. തമിഴ്‌ കവി എസ് രാമകൃഷ്ണൻ, എം മുകുന്ദൻ, കലാമണ്ഡലം ശിവൻ നമ്പൂതിരി, സിബി മലയിൽ, ഭാഗ്യലക്ഷ്മി, ബി ഡി ദത്തൻ, ആലങ്കോട് ലീലാകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, വൈശാഖൻ, ഡോ. കെ പി മോഹനൻ, കെപിഎസി ലളിത, എൻ രാധാകൃഷ്ണൻ നായർ, നേമം പുഷ്പരാജ്, പൊന്ന്യം ചന്ദ്രൻ, സി ജെ കുട്ടപ്പൻ, ടി ഡി രാമകൃഷ്ണൻ, വി കെ ശ്രീരാമൻ, പ്രിയനന്ദനൻ, സണ്ണി ജോസഫ്, പി എൻ ഗോപീകൃഷ്ണൻ, ജി പി രാമചന്ദ്രൻ തുടങ്ങി കലാ, സാംസ്കാരിക, ചലച്ചിത്ര മേഖലകളിലെ നിരവധിപേർ സംസാരിച്ചു. 
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി, കേരള കലാമണ്ഡലം, ലൈബ്രറി കൗൺസിൽ, ഫോക്‌ലോർ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് മഹാസംഗമം നടത്തിയത്. വർഗീയ ശക്തികളുടെ ഭീഷണികളെ ഭയന്ന്‌ ഒരിഞ്ചുപോലും പിന്തിരിയില്ലെന്ന പ്രഖ്യാപനമാണ്‌ സംഗമത്തിൽ ഉയർന്നത്. രാവിലെ ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ചിത്രകാരൻ പുണിഞ്ചിത്തായയുടെ നേതൃത്വത്തിൽ 52 ചിത്രരചയിതാക്കൾ ഫാസിസത്തിനെതിരെ ചിത്രംവരച്ച് ‘നേരിനൊപ്പം അടൂരിനൊപ്പം' എന്ന പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് കലാപരിപാടികളും ഉണ്ടായി.
പ്രധാന വാർത്തകൾ
 Top