11 August Tuesday
പത്തോ, പതിനൊന്നോ നൂറ്റാണ്ടിലെ ലിഖിതം

വട്ടെഴുത്തിൽ തെളിയും ‘നീളമുള്ള’ ചരിത്രം

സ്വന്തം ലേഖകൻUpdated: Wednesday Jul 8, 2020

കനത്ത മഴയിൽ തൃശൂർ വടക്കേച്ചിറയിൽ വെള്ളം നിറഞ്ഞപ്പോൾ ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

കൊടുങ്ങല്ലൂർ
ശ്രീനാരായണപുരം നൽപിണി ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പത്താംനൂറ്റാണ്ടിലെ ശിലാലിഖിതം. ക്ഷേത്രത്തെ മുസിരിസ്‌ പൈതൃക പദ്ധതിയിൽ സർക്കാർ ഉൾപ്പെടുത്തി. ഇതിന്റെ ഭാഗമായ പരിശോധനയിലാണ്‌ ശ്രീകോവിലിന്റെ തറയിൽ സോപനത്തിന്റെ വടക്കായി ശിലാലിഖിതമായ വട്ടെഴുത്ത്‌ കണ്ടെത്തിയത്‌. 
പത്തോ, പതിനൊന്നോ നൂറ്റാണ്ടിലുള്ള ലിഖിതമാണിത്‌. ആദ്യ വരിയിലെ മൂന്നക്ഷരങ്ങളും അവസാന വരിയിലെ ഒടുവിലെ അഞ്ചക്ഷരവും ഗ്രന്ഥാക്ഷരങ്ങളാണ്‌. ബാക്കിയുള്ളവ വട്ടെഴുത്താണ്‌. സോപനത്തിന്റെ കൈവരിക്കല്ലുകൾ ലിഖിതത്തിന്റെ മേലേക്കൂടി പടുത്തതുകൊണ്ട്‌ ഓരോ വരിയിലും അവസാനത്തെ  ഒന്നുരണ്ട്‌ അക്ഷരങ്ങൾ വായിക്കാൻ പറ്റാത്തവിധമാണ്‌. 
‘സ്വസ്‌തിശ്രീ. പുത്തഴിയത്തു ഇരവി രാമൻ നയ്‌പണി മുക്കാൽവട്ടം(ക്ഷേത്രം) പണി ചെയ്യിച്ച ഇളെടുത്തു  ദാമോദരൻ ഉൽ‌സഹാപുണ്യശ്രീ’ എന്നാണ്‌ ഇന്നത്തെ മലയാളത്തിലാക്കിയാൽ വായിക്കാനാവുക. 
എട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച ക്ഷേത്രത്തിന് പുരാതനമായ തൃക്കണാമതിലകം ചരിത്രവുമായി ബന്ധമുണ്ട്. പടിഞ്ഞാറ് ദിശയിലേക്ക് ദർശനമുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. നെയ്യായിരുന്നു പ്രധാന അഭിഷേകം. നെയ് ഭരണി അമ്പലം എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. ഇത്‌ ചുരുങ്ങിയാണ്‌   നൽപിണി ക്ഷേത്രമായതെന്ന്‌ പൂർവികർ പറയുന്നു. 
മിസിരിസ്‌ ഹെറിറ്റേജ്‌ പ്രൊജക്ട്‌ എംഡി  പി എം നൗഷാദ്‌, കോ–- ഓർഡിനേറ്റർ എം കെ ജോസഫ്‌, മ്യൂസിയം മാനേജർ ഡോ. മിഫുൻ ശേഖർ, ഇൻസ്‌റ്റിറ്റ്യുട്ട്‌ ഓഫ്‌ സ്‌റ്റഡീസ്‌ ഇൻ ദ ഹെറിറ്റേജ്‌ ഓഫ്‌ കോസ്‌റ്റൽ കേരള ഡയറക്ടർ പ്രൊഫ. കേശവൻ വെളുത്താട്ട്‌ എന്നിവർ ക്ഷേത്രം സന്ദർശിച്ചു. കേശവൻ വെളുത്താട്ട്‌  ലിഖിതം വായിച്ചു. 
ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുസിരിസ് പൈതൃക പദ്ധതിക്ക് സർക്കാർ 3.29 കോടി അനുവദിച്ചിരുന്നു. ഇതിൽ നൽപിണി ക്ഷേത്രവും ഉൾപ്പെടുന്നു. സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സൗരോർജ വിളക്കുകൾ, പടിവാതിലുകൾ, സൈക്കിൾ പാർക്കിങ്‌ ഷെഡുകൾ തുടങ്ങിയവ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top