25 August Sunday

മികവിന്റെ പാതയിൽ പുതുക്കാട‌് സർക്കാർ ആതുരാലയം

കെ വി ഹരീന്ദ്രൻUpdated: Monday Jul 8, 2019

പുതുക്കാട് താലൂക്ക് ആശുപത്രി

പുതുക്കാട്
വികസന പാതയിലൂടെ പുതുക്കാട് താലൂക്ക് ആശുപത്രി.  90കളിൽ പ്രസവവും ശസ‌്ത്രക്രിയയുംവരെ നടന്നിരുന്ന ആശുപത്രി പെട്ടെന്നാണ് തളർച്ചയിലേക്ക് വീണത്. അന്നൊക്കെ കേവലം കമ്യൂണിറ്റി ഹെൽത്ത് സെന്റർ മാത്രമായിരുന്നു ഈ ആശുപത്രി. 
2006ൽ  പ്രൊഫ. സി രവീന്ദ്രനാഥ് ആശുപത്രി ഉൾപ്പെടുന്ന മണ്ഡലത്തിലെ എംഎൽഎ ആയതോടെയാണ് പുതുക്കാട് ആശുപത്രിയിലേക്ക‌് വികസനമെത്തിയത‌്.  തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നൽകിയ വാഗ്ദാനം അനുസരിച്ചു 2011 ൽ താലൂക്ക് ആശുപത്രിയായി ഉയർത്തി. കഴിഞ്ഞ മൂന്ന് വർഷം വൻ വികസനമാണ് ആശുപത്രിയിൽ നടന്നത്.
പുതുക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും മികച്ച ആശുപത്രിയാണിന്ന‌് പുതുക്കാട് സർക്കാർ താലൂക്ക് ആശുപത്രി. 75 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ട‌്. ദിനം പ്രതി ശരാശരി 500 പേർ ചികിത്സ തേടിയെത്തുന്നു.  ഒരു സൂപ്രണ്ടും, നാല് സ്പെഷ്യാലിറ്റി ഡോക്ടർമാരും, നാല് അസി, സർജന്മാരും ഉൾപ്പെടെ ഒമ്പത‌് ഡോക്ടർമാരുണ്ട‌്. കൂടാതെ നാഷണൽ ഹെൽത്ത് മിഷന്റെ രണ്ട‌്  ഡോക്ടർമാർ വേറെയും. എട്ടോളം നേഴ്‌സുമാർ ഉൾപ്പെടെ 30 ജീവനക്കാർ വേറെയും.
താലൂക്ക് ആശുപത്രിയായി മാറിയതോടെ കെട്ടിടം രണ്ട് നിലകളിൽ പുതുക്കി പണിതു. ഒരു കോടിയാണ് 2011 ൽ ഇതിനായി ചെലവാക്കിയത്. പ്രസവമുറിയും ശസ്ത്രക്രിയാ മുറിയും  ഉടൻ പ്രവർത്തനക്ഷമമാകുമെന്ന‌് ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് ജോർജ് മാത്യു പറഞ്ഞു.
 ലക്ഷക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നത്.  എംഎൽഎ ഫണ്ടിൽനിന്നും ലഭിച്ച 30 ലക്ഷവും കൊടകര ബ്ലോക്ക് പഞ്ചായത്തിൽനിന്നും അനുവദിച്ച 22 ലക്ഷവും ഉപയോഗിച്ച‌് തയ്യാറാക്കിയ എക്സ് റേ യൂണിറ്റും മെഷീനും തന്നെ ഇവയിൽ പ്രധാനം. പ്രസവമുറി പുനരുദ്ധാരണത്തിനും ആശുപത്രി പുനർ വയറിങ്ങിനുമായി  15.34 ലക്ഷം  ബ്ലോക്ക് പഞ്ചായത്ത്‌ ചെലവാക്കി.ഒമ്പതര ലക്ഷം രൂപ മുടക്കി ഇൻസിനേറ്ററും ആറര ലക്ഷം  ചെലവിൽ ജനറേറ്ററും ആറേമുക്കാൽ ലക്ഷം  ചെലവാക്കി സോളാർ പാനലും ബ്ലോക്ക് പഞ്ചായത്ത്‌  ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. രണ്ടേമുക്കാൽ ലക്ഷത്തിലേറെ രൂപ ചെലവിൽ ബ്ലോക്ക് പഞ്ചായത്ത്‌  കുഴൽക്കിണർ സംവിധാനം ഒരുക്കി. മുക്കാൽ ലക്ഷം രൂപ ചെലവിൽ ആരോഗ്യ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി  കിണറും നവീകരിച്ചു. ചുറ്റിനും  ചെടികൾ നട്ടുപിടിപ്പിച്ചും പുൽത്തകിടി നിർമിച്ചും ഈ ചികിത്സാ കേന്ദ്രം കൂടുതൽ പ്രകൃതി സൗഹൃദമാക്കിയിട്ടുണ്ട്.  1.30 കോടി  ചെലവിൽ പത്തോളം വിവിധ പദ്ധതികൾ ആശുപത്രിയിൽ  പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 
പ്രധാന വാർത്തകൾ
 Top