തൃശൂർ
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കമാകും. കോവിഡ് പശ്ചാത്തലത്തിൽ കൃത്യമായ പ്രോട്ടോകോൾ പാലിച്ചാണ് പരീക്ഷകൾ നടത്തുക. ജില്ലയിലെ 260 കേന്ദ്രങ്ങളിലായി 18,162 ആൺകുട്ടികളും 17,235 പെൺകുട്ടികളുമടക്കം 35,397 പേരാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 195 കേന്ദ്രങ്ങളിലായും നടക്കും. ആകെ 39,940 കുട്ടികൾ പരീക്ഷയെഴുതും.
എസ്എസ്എൽസി പരീക്ഷയിൽ ഭാഷാ വിഷയങ്ങൾ മാത്രമാണ് ഇത്തവണ ഉച്ചയ്ക്ക് നടക്കുക. ബാക്കിയുള്ളവ രാവിലെ 9.40ന് ആരംഭിക്കും. എസ്എസ്എൽസി പരീക്ഷ 29നും ഹയർസെക്കൻഡറി പരീക്ഷ 26നും അവസാനിക്കും.
ക്ലാസ് മുറികൾ കൃത്യമായ ഇടവേളകൾ പാലിച്ച് അണുവിമുക്തമാക്കും. വിദ്യാർഥികളുടെ ശരീരോഷ്മാവ് തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച്, കൈകൾ അണുവിമുക്തമാക്കിയ ശേഷമേ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കൂ. കോവിഡ് നിരീക്ഷണത്തിലുള്ളവർക്ക് പരീക്ഷയെഴുതാൻ പ്രത്യേക മുറി സജ്ജീകരിക്കും.
ഒരു ക്ലാസിൽ 20 കുട്ടികളെ വീതമാണ് പരീക്ഷയെഴുതാൻ അനുവദിക്കുക. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ചോദ്യപേപ്പറുകൾ ബിആർസിയുടെ നേതൃത്വത്തിൽ പൊതു കേന്ദ്രത്തിലാണ് സൂക്ഷിക്കുന്നത്. പരീക്ഷയ്ക്ക് അര മണിക്കൂർ മുമ്പ് പൊലീസ് സംരക്ഷണയിലാണ് സ്കൂളുകളിലേക്ക് ചോദ്യപേപ്പറുകൾ എത്തിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..