26 May Tuesday
മെയ് രണ്ടാംവാരം പൂര്‍ത്തിയാകും

കൊയ്‌ത്തും സംഭരണവും അതിവേഗം

സ്വന്തം ലേഖകന്‍Updated: Wednesday Apr 8, 2020
തൃശൂർ
കോവിഡ് മുൻകരുതലുകൾക്കിടയിലും ജില്ലയിൽ പാടശേഖരങ്ങളിലെ കൊയ്‌ത്തും  നെല്ല് സംഭരണവും അതിവേഗം പുരോഗമിക്കുന്നു. കോൾപ്പാടശേഖരങ്ങളിൽ 4000 ഹെക്ടർ കൊയ്‌ത്ത്‌  ഇതിനകം പൂർത്തിയായി. മറ്റ് പാടശേഖരങ്ങളടക്കം 13,000 ഹെക്ടറിലെ കൊയ്‌ത്തും കഴിഞ്ഞു. കെയ്കോയുടെ 48 വണ്ടികളും, ജില്ലാ പഞ്ചായത്തിന്റെ ഒന്നും സ്വകാര്യ കമ്പനികളുടെ അമ്പതോളം യന്ത്രങ്ങൾ  ഇറക്കിയാണ്  കൊയ്ത്ത്. 
മഴ ഒഴിഞ്ഞുനിന്നാൽ മെയ് രണ്ടാംവാരത്തോടെ മുഴുവൻ നെല്ലും കൊയ്തെടുക്കാനാകുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ രാധാകൃഷ്ണൻ പറഞ്ഞു. 6893 ഹെക്ടറിൽകൂടിയാണ് ഇനി കൊയ്യാനുള്ളത്.   1,23,000 ടൺ നെല്ല് ലഭിക്കുമെന്നാണ് പ്രതീക്ഷ. വിരിപ്പ്, രണ്ടാംവിള, കോൾ എന്നീ നിലങ്ങളിലെ ആകെ കണക്കാണിത്. ഇതിൽ ഒരുലക്ഷം ടൺ നെല്ല് സപ്ലൈകോവഴി സംഭരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതുവരെ 39,757 ടൺ സപ്ലൈകോ സംഭരിച്ചു. 
ലോക്ഡൗൺ കാലത്ത് കൊയ്‌ത്തും  നെല്ല് സംഭരണവും അവശ്യസർവീസായി പ്രഖ്യാപിച്ചതും അതു കാര്യക്ഷമമായി നടപ്പാക്കാൻ സർക്കാർ സംവിധാനം ഉണർന്നുപ്രവർത്തിച്ചതുമാണ് പ്രതിസന്ധിയെ മറകടക്കാൻ ജില്ലയ്ക്കായത്. നൂറോളം യന്ത്രങ്ങൾ ഉപയോഗിച്ചാണ് ജില്ലയിൽ നെല്ല് കൊയ്യുന്നത്. അരിമ്പൂർ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കൃഷിയിറക്കിയത്. 18 പടവുകളിലായി 1101 ഹെക്ടറിലാണ് അവിടെ കൃഷിയിറക്കിയത്. ഏപ്രിൽ അവസാനത്തോടെ 80 ശതമാനം നെല്ലും വിളയുമെന്നാണ് പ്രതീക്ഷ. മെയ് രണ്ടാംവാരത്തോടെ ബാക്കിയുള്ള പാടങ്ങളും കൊയ്യാനാകും.   പരാതികൾ ഒന്നുമില്ലാതെയാണ് സംഭരണം സുഗമമായി മുന്നേറുന്നതെന്ന്   പാഡി ഓഫീസർ അറിയിച്ചു.   സംഭരണത്തിനായി സപ്ലൈകോയുമായി കരാറുള്ള 36 മില്ലുകൾ ഇപ്പോൾ സജീവമായി രംഗത്തുണ്ട്. തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കാനായാൽ കൊയ്ത്ത് കൂടുതൽ വേഗത്തിലാക്കാൻ കഴിയും. തൊഴിലുറപ്പ് തൊഴിലാളികളെകൂടി ഉൾപ്പെടുത്തി, ലഭ്യമായ മെഷീൻ ഉപയോഗിച്ച് പാടശേഖരസമിതികളും കർഷകരും മഴക്കാലത്തിനുമുന്നേ നെല്ല് കൊയ്തെടുക്കാൻ സഹകരിക്കണമെന്ന് ലെയ്സൻ ഓഫീസർ അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top