80 കിലോ കഞ്ചാവുമായി 3 പേര്‍ പൊലീസ് പിടിയിൽ
വടക്കാഞ്ചേരി
ഇതരസംസ്ഥാനത്തുനിന്ന് കടത്തികൊണ്ടുവന്ന 80 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയിലായി. കുണ്ടന്നൂർ ചുങ്കത്ത് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. തമിഴ്നാട് ധർമപുരി സ്വദേശികളായ പൂവരശ് (27), ദിവിത്ത് (18), മണി (27) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തി കൊണ്ടുവന്ന കൂട്ടത്തിലുണ്ടായിരുന്ന രണ്ടുമലയാളികൾ പൊലീസ് വാഹനം തടഞ്ഞ ഉടനെ ഓടി രക്ഷപ്പെട്ടു. ഇവരുടെ ബൈക്കുകൾ പിക്കപ്പ് വാനിൽ കയറ്റിവെച്ചായിരുന്ന സംഘത്തിന്റെ യാത്ര. ഭദ്രമായി സെല്ലോ ടേപ്പ് കൊണ്ട് വരിഞ്ഞുഓട്ടിച്ച 42 പായ്ക്കറ്റുകളിലാക്കി ഏഴ് ട്രാവൽ ബാഗുകളിലാണ് കഞ്ചാവ് കടത്തിയത്. രക്ഷപ്പെട്ട പ്രതികൾ മുമ്പും കഞ്ചാവു കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ക്രിസ്‌മസ്, ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായുള്ള വില്‍പനയ്ക്കാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. കുന്ദംകുളം പൊലീസ് അസിസ്റ്റന്റ് കമീഷണർ സി ആർ സന്തോഷിന്റെ നിർദേശപ്രകാരമാണ് വാഹനപരിശോധന നടത്തിയത്. ഗുരുവായൂർ പൊലീസ് ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണൻ, വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിജിൻ എം തോമസ്, വടക്കാഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ ടി സി അനുരാജ്, പി വി പ്രദീപ്, അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ ജിജേഷ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ ജിജി, സീനിയർ സിപിഒ അരുൺ, സിപിഒ ബാബു, ഹോം ഗാർഡ് ഓമനക്കുട്ടൻ എന്നിവരും തൃശൂർ സിറ്റി ഡാസാഫ് ടീമുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 comments