25 September Friday

വിലാപങ്ങൾക്കു ചെവിയോർക്കാതെ കടൽ

പി വി ബിമൽകുമാർUpdated: Friday Aug 7, 2020

കണ്ണീർ മഴയത്ത്‌... മൈനാവതി ലൈറ്റ് ഹൗസ് കടപ്പുറത്ത്

 

കൊടുങ്ങല്ലൂർ
കടലിനോട് മല്ലടിച്ച് മീൻപിടിച്ച കാശിൽനിന്ന് മിച്ചംപിടിച്ച് കെട്ടിപ്പൊക്കിയ വീടുകൾ തകർന്നടിഞ്ഞ്‌ കിടക്കുന്ന കാഴ്ച കണ്ട് മണപ്പറമ്പിൽ ഷംസുവും അഞ്ചലശേരി ശ്യാംദത്തും തലയിൽ കൈവച്ച് കടപ്പുറത്തിരുന്നു. അപ്പോഴും കടൽ മറ്റു വീടുകളും തകർക്കുകയാണ്. തുടരെയുണ്ടാകുന്ന കടലാക്രമണം തകർത്തെറിഞ്ഞ ജീവിതങ്ങളാണിത്‌. കടൽ ക്ഷോഭിച്ച് വീടിന്റെ പിൻചുമരും വാതിലും തകർക്കുമെന്ന ഘട്ടത്തിലാണ് ഷംസുവും ശ്യാംദത്തും കിട്ടിയതെല്ലാമെടുത്ത് കുടുംബവുമായി കിഴക്കോട്ടോടിയത്. എങ്ങോട്ടുപോകുമെന്ന് നിശ്ചയമില്ലായിരുന്നു. ആദ്യം ബന്ധുവീടുകളിൽ അഭയം തേടി. പിന്നെ വാടക വീടുകളിലും–- ശ്യാംദത്ത് പറഞ്ഞു. വീടിന്റെ പിന്നാമ്പുറത്തെത്തിയ തിരകൾ പിൻവാങ്ങുമെന്നാണ് കരുതിയത്. പക്ഷേ, കടലിന് കനിവില്ലായിരുന്നു. അന്നം തരുന്ന കടൽ വീട് തകർത്താണ് തെല്ലൊന്ന് പിന്നോക്കംപോയത്–- ഷംസു പറഞ്ഞു. 
എറിയാട്‌ തീരത്ത് കടൽ കലിതുള്ളാൻ തുടങ്ങിയിട്ട് നാളേറെയായി. അല്പ ദിവസം പിൻമാറുന്ന കടൽ ശക്തിയോടെ പിന്നെയുമെത്തും. വ്യാഴാഴ്ചയും കടൽ കയറി. കടൽക്ഷോഭം രൂക്ഷമായപ്പോൾ തീരത്തെ വീട്ടിൽനിന്ന് മാറി നിൽക്കാൻ പോണത്ത് ബിജുവിനോട്‌ പലരും പറഞ്ഞു. കടലിനെ വിട്ടൊരു ജീവിതമില്ലെന്ന് ബിജുവും. ഏറെ അധ്വാനിച്ച്, തിരയെ ചെറുക്കാൻ വീടിന് പിന്നിൽ കുന്നുപോലെ മണ്ണ് കൂട്ടി. അതൊന്നും വകവയ്‌ക്കാതെ കടൽ ബിജുവിന്റെ വീടും തകർത്തു. ഭാര്യയും കുഞ്ഞുമക്കളുമൊത്ത് ബിജുവിപ്പോൾ ചെറിയ ഫ്ലാറ്റിലെ ഒറ്റമുറിയിലാണ് താമസം. ഇതുപോലെ നിരവധി ജീവിതങ്ങളാണ് വഴിയാധാരമായത്. മൈനയെന്ന തലാശേരി മൈനാവതി കണ്ണീരോടെയാണ് കടപ്പുറത്തെത്തുന്നത്. അയൽ വീടുകളെല്ലാം തകർന്നുകിടക്കുന്നത് നെഞ്ച് തകരുന്ന വേദനയോടെയാണ് കാണുന്നത്. ജനിച്ചതും വളർന്നതും കടൽക്കരയിലാണ്. പി. വെമ്പല്ലൂരിൽ കല്യാണം കഴിച്ച് കൊണ്ടുവന്നതും കടപ്പുറത്തേക്ക്. കടല് കണ്ടുള്ള ജീവിതം തുടങ്ങിയിട്ട് 60 കൊല്ലമായി. ഇക്കാലത്തിനിടെ കടൽക്ഷോഭങ്ങൾ നിരവധി കണ്ടെങ്കിലും ഇത്ര വലിയ ദുരന്തം ആദ്യമായാണെന്ന് മൈനാവതി. വീട്‌ തകർന്ന അയിനിക്കൽ കദീജു ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. തൊട്ടടുത്ത നെടുംപറമ്പിൽ ഗിരീഷിന്റെ വീട് മുതൽ തെക്ക് മൊയ്തീൻ പള്ളി വരെ തകർന്നുകിടക്കുന്ന വീടുകൾ കണ്ടാൽ സഹിക്കാനാവില്ല–- മൈന കണ്ണ് തുടച്ചു. ദുരന്തഭൂമിയായി മാറിയ ലൈറ്റ് ഹൗസ് കടപ്പുറത്ത്‌ നിരവധി വിലാപങ്ങൾക്കു മേലെ കടൽ കരയിലേക്ക് ആഞ്ഞടിക്കുകയാണ് കനത്ത കാറ്റിനും മഴയ്‌ക്കുമൊപ്പം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top