10 August Monday
പ്രളയ പ്രതിരോധം

819 ക്യാമ്പുകള്‍ സജ്ജം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020
തൃശൂർ
ജില്ലയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും വെള്ളപ്പൊക്കം പ്രതിരോധിക്കുന്നതിനും വിപുലമായ ഒരുക്കങ്ങളായി. ഏഴ്‌ താലൂക്കുകളിലുമായി 1.08 ലക്ഷം പേരെ താമസിപ്പിക്കാവുന്ന 819 ക്യാമ്പുകൾ സജ്ജമാക്കി. ചാലക്കുടിയിൽ 117, കൊടുങ്ങല്ലൂർ 120, തൃശൂർ 176, തലപ്പിള്ളി 110, ചാവക്കാട് 161, കുന്നംകുളം 31, മുകുന്ദപുരം താലൂക്കിൽ 104 വീതമാണ് ക്യാമ്പുകളുള്ളത്. 
കാലവർഷ കെടുതിമൂലമുണ്ടാവുന്ന പ്രശ്നങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ നേരിടും. മഴക്കാല ദുരന്തങ്ങളെ നേരിടുന്നതിന് ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം 24 മണിക്കൂറും കലക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. 0487–- 2362424 എന്ന ലാൻഡ് ഫോൺ നമ്പറിലും  9447074424 എന്ന മൊബൈൽ നമ്പറിലും  1077 എന്ന ടോൾ ഫ്രീ നമ്പറിലും 24 മണിക്കൂറും പൊതുജനങ്ങൾക്ക് വിളിക്കാം.
എ, ബി, സി, ഡി എന്നിങ്ങനെ നാല് വിവിധ വിഭാഗങ്ങളായാണ് ക്യാമ്പുകൾ ഒരുക്കിയിട്ടുള്ളത്. പൊതുവായ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ എ വിഭാഗം കെട്ടിടവും  60 വയസ്സിന്‌ മുകളിൽ ഉള്ളവർ, കോവിഡ് ഇതര രോഗങ്ങൾ ഉള്ളവർ, എന്നിവർക്കായി ബി വിഭാഗം കെട്ടിടവുമാണ് ഉപയോഗിക്കുക. 
സി വിഭാഗത്തിൽ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റി താമസിപ്പിക്കാൻ മുറിയോട് ചേർന്ന് ശുചിമുറി ഉൾപ്പെടെ സൗകര്യങ്ങളൊരുക്കും. ഡി വിഭാഗം കെട്ടിടത്തിൽ, ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികളെ മാറ്റി താമസിപ്പിക്കാൻ മുറിയോട് ചേർന്ന് ടോയ്ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹോം ക്വാറന്റൈൻ അവസാനിക്കുന്ന മുറക്ക് ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ ഇവരെ എ വിഭാഗം കെട്ടിടത്തിൽ താമസിപ്പിക്കും. 
ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരം മുൻകരുതൽ നടപടികൾ  സ്വീകരിച്ചു. മണലിപ്പുഴ, കുറുമാലിപ്പുഴ കരുവന്നൂർ പുഴ എന്നിവയിൽ അടിഞ്ഞുകൂടിയ പ്രളയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് ‘ജലപ്രയാണം’  പദ്ധതി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top