07 June Sunday
കോവിഡ് വ്യാജ പ്രചാരണം

കോൺഗ്രസ് നേതാവിനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020
അന്തിക്കാട്
താന്ന്യം പഞ്ചായത്തിലെ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന രീതിയിൽ തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കോൺഗ്രസ് നാട്ടിക ബ്ലോക്ക് ജനറൽ സെക്രട്ടറി പുത്തൻപീടിക സ്വദേശി ആന്റോ തൊറയനെ(39)തിരെ പൊലീസ് കേസെടുത്തു. കെപിസിസി വിചാർ വിഭാഗ് ജില്ലാ സെക്രട്ടറിയുമാണിയാൾ. 
കഴിഞ്ഞ ദിവസം താന്ന്യം സ്വദേശിയായ ഒരു യുവാവിന് കടുത്ത പനി ബാധിക്കുകയും ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് ഇടപെട്ട് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ വിഷയത്തെ പർവതീകരിച്ച്‌ കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന രീതിയിൽ യുവാവിന്റെ പേരും വീടും തിരിച്ചറിയാവുന്ന രീതിയിലുള്ള മുഴുവൻ വിവരങ്ങളും ചേർത്ത് ഇയാൾ വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. 
പൊതുപ്രവർത്തകൻ കൂടിയായ പ്രതി തെറ്റായ വിവരങ്ങൾ നിരവധി ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതോടെ താന്ന്യം, ചാഴൂർ, പഞ്ചായത്തുകളിലും പുത്തൻപീടിക, പെരിങ്ങോട്ടുകര പ്രദേശങ്ങളിലും ജനങ്ങൾ ഭീതിയിലായി. ഇതിനിടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന് കോവിഡ് 19 ടെസ്റ്റ് നടത്തുകയും നെഗറ്റീവ് റിസൽട്ട് വരികയും ചെയ്തു. 
ഇതോടെയാണ് പൊലീസ് വ്യാജ പ്രചാരകനെതിരെ കേസെടുത്തത്. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് കുറ്റം.
പ്രധാന വാർത്തകൾ
 Top