29 May Friday

‘‘രാത്ര്യായാ ഈച്ചക്കുഞ്ഞില്ലിസ്റ്റാ...’’

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

ഇരുളിൻ മഹാനിദ്രയിൽ ലോക്ക്‌ ഡൗൺ തുടരുമ്പോൾ രാത്രി വിജനമായ തൃശൂർ റെയിൽവേസ്‌റ്റേഷൻ ജങ്ഷൻ / ഫോട്ടോ: ഡിവിറ്റ്‌ പോൾ

തൃശൂർ

രാത്രി 8.30. തേക്കിൻകാട് മൈതാനിയിലെ വൃക്ഷങ്ങളിലെ ഇലകൾക്കും  അനക്കമില്ല. മൂന്നുകിലോമീറ്റർ നഗരവൃത്തം വിജനം. അപൂർവം സ്ഥാപനങ്ങൾക്കുമുന്നിൽ കാവലാളുകളെ  കാണാം. ഉറക്കം പതിവില്ലാത്ത തൃശൂർ നഗരത്തിൽ കോവിഡ്കാലത്ത് രാത്രിയിൽ പുറത്തിറങ്ങുന്നത് തെരുവ്നായ്ക്കൾമാത്രം. 
‘ആറുമണികഴിഞ്ഞാൽ ഒരു മനുഷ്യക്കുഞ്ഞില്ലാട്ടാ. ദേ, പുറത്തേക്ക് നോക്ക്യേ, ആംബുലൻസ്‌പോലും കടന്നുപോവിണില്ല. ഞാൻ കഴിഞ്ഞേന്റെ കഴിഞ്ഞ വെള്ളിയാഴ്‌ച വീട്ടീന്ന് പോന്നതാ. ഊണും ഉറക്കവും ഇവിടെത്തന്നെ'. തിരുവമ്പാടി ദേവസ്വം സെക്യൂരിറ്റി ജീവനക്കാരൻ രാജന്റെ വാക്കുകളാണിത്. പാറമേക്കാവ് ക്ഷേത്രത്തിനുപുറത്തും കാവലാളായി ഒരാൾ മാത്രം. വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കേഗോപുരം നോക്കി അയാൾ രാത്രി പകലാക്കുകയാണ്. പൂരപ്രദർശന നഗരി ജനക്കൂട്ടത്താൽ  തിമിർക്കാറുള്ള ഏപ്രിൽരാവിൽ തേക്കിൻകാടിൽ ഹൈമാസ്റ്റ്മാത്രം സാക്ഷി.
 സിഎംഎസ് സ്കൂളിന് സമീപത്തെ പെട്രോൾ പമ്പിൽ  ജീവനക്കാരൻ ഒരാൾ മാത്രം. ഉറക്കെ പാട്ടുവച്ച് ഇയാൾ  ഉറക്കത്തെ പിടിച്ചുനിർത്തുന്നു. വടക്കേബസ്‌സ്‌റ്റാൻഡ്‌ റോഡ് എത്തിയപ്പോൾ തെരുവ്നായ്ക്കളുടെ കൂട്ടം. കോവിഡിന് പ്രതിരോധകവചം തീർത്ത് നിൽക്കുന്ന ജനറൽ ആശുപത്രി കവാടത്തിൽമാത്രം ഏതാനുംപേർ മുഖംമൂടി നിൽപ്പുണ്ട്. 
തെക്കേഗോപുരനടയിൽ കാറ്റുകൊണ്ട് കിടക്കാൻ ആരുമില്ല.  മുനിസിപ്പൽ സ്റ്റാൻഡിലേക്ക് കടന്നപ്പോൾ മാത്രം ഒരു മിനി ഓട്ടോ  കടന്നുപോയി. അഴീക്കോടൻ റോഡിലേക്ക് കടന്നപ്പോൾ ചുമട്ടുതൊഴിലാളികൾ തലയിൽകെട്ടുമായി ഇരിപ്പുണ്ട്.  വല്ല വണ്ടികളും വരുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. ‘ഈച്ചക്കുഞ്ഞില്ലിസ്റ്റാ... നേരംവെളുക്കും വരെ ദേ ഇ ഇരിപ്പ് തന്നെ. വല്ലതും കിട്ട്യാ കിട്ടി'.   ജൂബിലിമിഷൻ ആശുപത്രിപ്പടിക്കൽ അഞ്ചാറാളുണ്ട്.  ആംബുലൻസ് ഡ്രൈവർമാരാണ് അധികവും. കിഴക്കേക്കോട്ട തീർത്തും  വിജനം. 
കുരിയച്ചിറയിൽ നായയേയുംകൊണ്ട് ഒരാൾ സവാരിക്കിറങ്ങിയപ്പോൾ പണികിട്ടി. ചെന്നുപെട്ടത്‌ നേരെ പൊലീസ് ജീപ്പിനുമുന്നിലേക്ക്. നായക്കറിയുമോ കൊറോണയും ലോക്ക്ഡൗണും.  ജീപ്പ് അടുത്തെത്തിയതും പൊലീസിനുനേരെ കുരച്ചുചാടി. ഇതോടെ ഉടമ പൊലീസിനുമുന്നിൽ ‘പൂച്ച'യായി. 
 ശക്തൻമാർക്കറ്റിൽ പച്ചക്കറി വണ്ടികൾ വന്നുതുടങ്ങി. പൊലീസ്‌ രാത്രിയിലും ജാഗ്രതയിലാണ്. ടോക്കൺവച്ചാണ്  പ്രവേശനം.  വൻതിരക്ക് പതിവുള്ള കെഎസ്ആർടിസി സ്‌റ്റാൻഡിൽ വിശ്രമിക്കുന്ന ബസുകൾമാത്രം. പടിഞ്ഞാറേക്കോട്ട ചുറ്റിയാൽ വെസ്റ്റ്ഫോർട്ട്‌ ആശുപത്രിയിൽ മാത്രം ആളനക്കം. 
റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് വണ്ടിക്ക് പച്ചക്കൊടി കാട്ടാൻ  സ്റ്റേഷൻമാസ്റ്ററും സഹായിയും.  കോട്ടപ്പുറം റെയിൽവേഗേറ്റിൽ ഏകാന്തനായി ഗേറ്റ്കീപ്പർ മാത്രം. എല്ലാരും കാത്തിരിപ്പാണ് കോവിഡ് ഭീതിയകന്ന്  ഓട്ടത്തിനുള്ള പച്ചക്കൊടിക്കായി.
പ്രധാന വാർത്തകൾ
 Top