20 March Wednesday

ഡിസിസി യോഗത്തില്‍ രാജി സന്നദ്ധത പ്രകടിപ്പിച്ച‌് ടി എന്‍ പ്രതാപന്‍

സ്വ ന്തം ലേഖകൻ Updated: Thursday Dec 6, 2018
തൃശൂർ
ഡിസിസി പ്രസിഡന്റ്സ്ഥാനം ഒഴിയുമെന്ന ഭീഷണിയുമായി ടി എൻ പ്രതാപൻ ജില്ലാ നേതൃയോഗത്തിൽ വികാരാധീനനായി. രണ്ടുവർഷം മുമ്പ് ഡിസിസിയുടെ ചുമതല ഏറ്റെടുത്തശേഷം നിരാശയിലാണ്. വൻ പ്രതീക്ഷയിലാണ് അധികാരമേറ്റതെങ്കിലും, കോൺഗ്രസിനെ ചലിപ്പിക്കാൻ ഒന്നും ചെയ്യാനായില്ല. ഒന്നും ചെയ്യിപ്പിക്കാൻ ഒപ്പമുള്ളവർ അനുവദിക്കുന്നില്ലെന്നും ബുധനാഴ്ച കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ പങ്കെടുത്ത ജില്ലാ നേതൃയോഗത്തിൽ പ്രതാപൻ തുറന്നടിച്ചു. 
വി എം സുധീരന്റെ നോമിനിയായി എത്തി ഒരു ഗ്രൂപ്പിന്റെയും പിന്തുണയില്ലാതെ ഒറ്റപ്പെട്ട പ്രതാപൻ, എഐസിസി പ്രസിഡന്റ്–- രാഹുൽ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക്, എ കെ ആന്റണി എന്നിവരെ രാജിക്കാര്യം അറിയിച്ചതായാണ് സൂചന. ബുധനാഴ്ച ചേർന്ന യോഗത്തിലും പ്രതാപനെതിരെ രൂക്ഷവിമർശനവുമായി ഗ്രൂപ്പ് ഭേദമെന്യേയുള്ളവർ ആഞ്ഞടിച്ചു. ഇതോടെയാണ്, എനിക്ക് ഒരു പ്രധാനകാര്യം യോഗത്തിൽ അറിയിക്കാനുണ്ടെന്ന് പറഞ്ഞ് എണീറ്റത്. 
ആദ്യം ശൂരനാട് രാജശേഖരൻ ഇടപെട്ട് തടഞ്ഞെങ്കിലും  തുടർന്ന് പ്രതാപൻ തുറന്നടിക്കുകയായിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് ചുമതലയേറ്റത്. പക്ഷേ, കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ പുതിയ കൂട്ടായ്മയോടെ ഊർജത്തോടെ പ്രവർത്തിക്കാൻ കഴിയട്ടെ, എന്നായിരുന്നു പ്രതാപന്റെ നേതൃയോഗത്തിലെ പ്രസംഗം. 
ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം, ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾ, നേതാക്കളെ ഒന്നിപ്പിക്കാനായില്ല, അടിത്തറയിളകി തുടങ്ങി രൂക്ഷവിമർശനങ്ങൾ ആയിരുന്നു യോഗത്തിൽ ഉയർന്നത്. പ്രതാപന്റെ പേര് പറഞ്ഞും നേതാക്കൾ വിമർശിച്ചു. 
ഹസന്റെ ജാഥയുടെ ഭാഗമായി പിരിച്ചെടുത്ത 2.5 കോടി രൂപ എവിടെപ്പോയെന്നും ചർച്ചയിൽ ചിലർ ചോദിച്ചു.. ഈ സാഹചര്യത്തിലായിരുന്നു അംഗങ്ങളുടെ ചർച്ചയ്ക്കുശേഷം മറുപടി പറയുമ്പോൾ പദവി ഒഴിയുമെന്ന സൂചന നൽകിയത്. വിങ്ങിപ്പൊട്ടുന്നനിലയിലായിരുന്നു പ്രതാപന്റെ സംസാരം. പകൽ 11ന് തുടങ്ങിയ യോഗം ഉച്ചക്ക് രണ്ടോടെയാണ് അവസാനിച്ചത്. 
യോഗം അവസാനിച്ചതോടെ നേതാക്കളുമായി അധികം സംസാരിക്കാനും പ്രതാപൻ തയ്യാറായില്ല. ഏറെ നാളായി പ്രതാപനെതിരെയുള്ള നീക്കം ജില്ലാ കോൺഗ്രസിൽ ഉണ്ട്. സുധീരൻ പക്ഷക്കാരനായി ഗ്രൂപ്പിന് മുകളിലായിരുന്നു പ്രതാപന്റെ പ്രവർത്തനം. 
ആദ്യഘട്ടത്തിൽ എ ഗ്രൂപ്പിനെയും രണ്ടാം ഘട്ടത്തിൽ ഐ ഗ്രൂപ്പിനെയും കൂട്ടുപിടിച്ച് ചില നീക്കങ്ങൾ നടത്തിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. സമീപകാലത്തെ പ്രതാപന്റെ ഏകപക്ഷീയ നടപടികളോടും പാർടിയിൽ ശക്തമായ എതിർപ്പുണ്ടായി. ഇതോടെ പ്രതാപനെ ബഹിഷ്കരിക്കാൻ എ, ഐ ഗ്രൂപ്പുകൾ തീരുമാനിച്ചു. യുവനേതാക്കൾക്കുപിന്നാലെ, മുതിർന്ന 21 നേതാക്കളും കൈവിട്ടതോടെ പ്രതാപൻ പൂർണമായി ഒറ്റപ്പെടുകയായിരുന്നു. 
ഗാന്ധി ജയന്തിദിനത്തിൽ യുവ നേതാക്കളെ പരസ്യമായി അധിക്ഷേപിച്ചതും  യൂത്ത് കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിൽ യുവനേതാവിനെ നടുറോഡിൽ മർദിച്ചതും   വിമർശനത്തിനിടയാക്കിയിരുന്നു. അതേസമയം  പ്രതാപന്റേത് മുൻകാലങ്ങളിൽ ഇറക്കാറുള്ള തട്ടിപ്പ് മാത്രമാണെന്നും വരാനിരിക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ, അല്ലെങ്കിൽ ചാലക്കുടി മണ്ഡലത്തിൽ എങ്ങനെയെങ്കിലും സീറ്റ് ഉറപ്പിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ്   പറഞ്ഞു.
പ്രധാന വാർത്തകൾ
 Top