23 September Wednesday

കടലിളകിത്തന്നെ: തീരത്തിന്‌ ഭീതി

സ്വന്തം ലേഖകർUpdated: Thursday Aug 6, 2020

കടലാക്രമണത്തിൽ എറിയാട് വീടുകൾ തകർന്ന നിലയിൽ

കൊടുങ്ങല്ലൂർ/നാട്ടിക
ശക്തമായ കടലാക്രമണത്തിൽ കൊടുങ്ങല്ലൂരിന്റെ തീരം തകർച്ചാഭീഷണിയിൽ. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. തീരദേശ വാർഡുകളിൽ മണ്ണുനീക്കി യന്ത്രം ഉപയോഗിച്ച് അറപ്പ തോട് പൊട്ടിച്ച് വെള്ളം കടലിലേക്കൊഴുക്കി. 
അഴീക്കോട് ലൈറ്റ് ഹൗസ്, എറിയാട്, കാര, വാക്കടപ്പുറം, മണപ്പാട്ടുചാൽ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. ബുധനാഴ്ച രാവിലെ മുതൽ വൻ തിരമാലകൾ ഉയർന്നു. കടൽഭിത്തിയും ജിയോ ബാഗ് തടയണയും കടന്ന് കടൽവെള്ളം കരയിലേക്ക് അടിച്ചുകയറി. 
എറിയാട് ചന്ത കടപ്പുറത്ത് ജിയോ ബാഗ് തടയണകൾക്ക് മുകളിലൂടെ വൻ തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചു. പുഴ പോലെ കിഴക്കോട്ടേക്ക് കടൽവെള്ളമൊഴുകി. കനത്ത മഴയിൽ കെട്ടിനിന്ന വെള്ളത്തിലേക്ക് കടൽ ജലവും ഒഴുകിയെത്തിയതോടെ പ്രദേശത്തെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. അറപ്പ തോട് നിറഞ്ഞ് കവിഞ്ഞതോടെ വെള്ളമുയർന്നു. ഇതോടെയാണ് എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള അറപ്പ തോട് പൊട്ടിക്കാൻ അധികൃതർ തീരുമാനമെടുത്തത്. 
പകൽ മൂന്നിന് അറപ്പ തോട് പൊട്ടിച്ചതോടെ ഉയർന്ന വെള്ളം താഴാൻ തുടങ്ങി. രാത്രി ഒമ്പതിന് ശേഷവും ശക്തമായ കടലാക്രമണമാണ് ഉണ്ടായത്. കാര പോണത്ത് ക്ഷേത്രത്തിലും തീരദേശത്തെ കുടുംബക്ഷേത്രങ്ങളിലും വെള്ളം കയറി. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ അധികൃതർ തയ്യാറായെങ്കിലും കോവിഡ് ഭീതിയിൽ ആളുകൾ ക്യാമ്പിലേക്ക് വരുന്നില്ല. 
നാട്ടികയിൽ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ചിൽ ശക്തമായ കടലേറ്റം രൂക്ഷമായി തുടരുന്നു. കടൽഭിത്തി കടന്ന് വരുന്ന തിരമാലകൾ പ്രദേശം നിറഞ്ഞു.  ചെളിവെള്ളം പ്രദേശത്താകെ കെട്ടി നിൽക്കുകയാണ്.  പൊക്കാഞ്ചേരിയിലും കടലേറ്റത്തിന് കുറവില്ല. തളിക്കുളത്ത് രണ്ടാഴ്ചയിലേറെയായി തുടരുകയാണ്‌ കടലേറ്റം. നിരവധി തെങ്ങുകളാണ് ഇവിടെ കടലെടുത്തത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top