23 September Wednesday
മണ്ണുത്തി–--അങ്കമാലി ദേശീയപാത അഴിമതി

കുറ്റവാളികൾക്കെതിരെ കർശന നടപടി വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
തൃശൂർ
മണ്ണുത്തി-–- അങ്കമാലി ദേശീയപാത നിർമാണത്തിലും പരിപാലനത്തിലും 102.44 കോടിയുടെ ക്രമക്കേട് നടത്തിയെന്ന സിബിഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
 കെഎംസി കൺസ്ട്രക്ഷൻ ലിമിറ്റഡും എസ്ആർഇഐ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡും ചേർന്ന കരാർ കമ്പനിക്കെതിരെയും പാലിയേക്കരയിൽ ടോൾ പിരിവ് നടത്തുന്ന  ഹൈദരാബാദ് ആസ്ഥാനമായ ജിഐപിഎൽ കമ്പനിക്കും ദേശീയപാത ഉദ്യോഗസ്ഥർക്കുമെതിരെയാണ് വൻ അഴിമതിയുടെ റിപ്പോർട്ട്  പുറത്തുവന്നിട്ടുള്ളത്. ദേശീയപാത നിർമാണത്തിലെ അഴിമതിക്കെതിരെ കേന്ദ്രസർക്കാരും ദേശീയപാത അതോറിറ്റിയും ഒരു നടപടികളും സ്വീകരിച്ചിരുന്നില്ല. 
കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ്, ബിജെപി സർക്കാരുകളാണ് വൻകൊള്ളക്ക് പിന്നിൽ. ദേശീയപാത നിർമാണത്തിലെ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്കും അനധികൃത ടോൾ പിരിവിനുമെതിരെ സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നിരന്തരം സമരം നടത്തിയിരുന്നു.  യാഥാർഥ്യം മറച്ചുവച്ച്  സംസ്ഥാന സർക്കാരിനെതിരെ കള്ളപ്രചാരണം നടത്തുകയായിരുന്നു കോൺഗ്രസും ബിജെപിയും. 
കോടികളുടെ അഴിമതി നടന്നുവെന്ന റിപ്പോർട്ട് കോൺഗ്രസിന്റെയും ബിജെപിയുടെയും കപട രാഷ്ട്രീയ പ്രചാരണം ജനങ്ങൾക്കുമുന്നിൽ തുറന്ന് കാണിക്കപ്പെട്ടിരിക്കയാണ്.
പത്ത്‌ സെന്റീമീറ്റർ കനത്തിൽ റോഡ് മെക്കാഡം -കോൺക്രീറ്റ് ചെയ്യണമെന്ന കരാർ വ്യവസ്ഥ കമ്പനി ലംഘിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടത്തിയ 27 കിലോമീറ്റർ ദൂരത്തിലും ഏഴര സെന്റീമീറ്റർ കനത്തിൽ മാത്രമാണ് മെക്കാഡം- കോൺക്രീറ്റ് നടത്തിയിട്ടുള്ളത്. 
ഇത്തരത്തിൽ വൻ കൊള്ളയാണ് മണ്ണുത്തി- –-അങ്കമാലി ദേശീയപാത നിർമാണത്തിലും പരിപാലനത്തിലുമായി നടന്നതെന്ന് കണ്ടെത്തി. 
നിർമാണ കരാർ പാലിക്കാതെ പൊതുസ്വത്ത് കൊള്ളയടിച്ചവർക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top