06 December Sunday
അടാട്ട് സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പ്

കോണ്‍ഗ്രസ് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ ജപ്തി ഉടന്‍

സ്വന്തം ലേഖകൻUpdated: Monday Jul 6, 2020
തൃശൂർ
കോൺഗ്രസ് ഭരണകാലത്ത് അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കിൽ അരങ്ങേറിയ വായ്‌പത്തട്ടിപ്പുകളിൽ സഹകരണവകുപ്പ് ജപ്തിനടപടികളിലേക്ക്. 2017ൽ കൃത്യമായ ഈടില്ലാതെ 15 കോടിരൂപ സ്വകാര്യ പാഡി പ്രൊഡ്യൂസിങ് കമ്പനിക്ക് നൽകിയ വായ്പ തിരിച്ചടയ്ക്കാത്തതിനാലാണ് സഹകരണവകുപ്പ് അധികാരികൾ ജപ്തി നടപടിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. 
അന്നത്തെ ബാങ്ക് പ്രസിഡന്റ് എം വി രാജേന്ദ്രൻ, കോൺഗ്രസ് പ്രാദേശിക നേതാക്കളായ 13 ഭരണസമിതി അംഗങ്ങൾ, വായ്പ അനുവദിച്ച ശാഖാ മാനേജർ കെ വിജയകുമാർ എന്നിവരിൽനിന്ന് വായ്പാ കുടിശ്ശികത്തുകയായ 6.50 കോടി രൂപ തുല്യമായി ജപ്തിചെയ്യാൻ സഹകരണ ജോയിന്റ് രജിസ്ട്രാർ രാജൻ വർഗീസ് ഉത്തരവിട്ടു. റവന്യൂ റിക്കവറി നടത്തി നൽകാൻ റവന്യൂ വകുപ്പിനാണ് നിർദേശം നൽകിയത്. അടുത്തദിവസംതന്നെ ജപ്തി നടപടി ആരംഭിക്കും.  
മൂന്നരവർഷംമുമ്പ് അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ റൈസ്‌ മിൽ ശാഖയിൽനിന്നാണ് അനധികൃതമായി സ്വകാര്യ പാഡി ഫാർമേഴ്സ് പ്രൊഡ്യൂസിങ് കമ്പനിക്ക് 15കോടി രൂപ വായ്പ നൽകിയത്. അടാട്ട് ബാങ്കിന്റെ പ്രസിഡന്റും  സ്വകാര്യ പാഡി ഫാർമേഴ്സ് പ്രൊഡ്യൂസിങ് കമ്പനി ചെയർമാനും കോൺഗ്രസ് പ്രദേശികനേതാവായ എം വി രാജേന്ദ്രനായിരുന്നു.   വിതയ്ക്കാൻ പോകുന്ന വിത്ത് വിളഞ്ഞ് കൊയ്യുമ്പോൾ ലഭിക്കുന്ന നെല്ല് ഈടുവച്ചാണ് ഇത്രയും വലിയ തുക  വായ്പ കൊടുത്തത്. 
 പത്തുലക്ഷം രൂപമാത്രം വായ്പക്ക്‌ അർഹതയുള്ള പാഡി കമ്പനിക്കാണ് വൻതുക നൽകിയത്. ബാങ്കിലെതന്നെ ജീവനക്കാർ നൽകിയ പരാതിയെത്തുടർന്നായിരുന്നു അന്വേഷണം. ഇതേത്തുടർന്ന് അന്നത്തെ ഭരണസമിതിയെ സസ്പെൻഡ് ചെയ്‌തു.  പിന്നീട് പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി.  പിരിച്ചുവിടലിനെതിരെ അന്നത്തെ ഭരണസമിതി ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി തള്ളി. 
വായ്പത്തട്ടിപ്പ് സംബന്ധിച്ച് അന്വേഷിച്ച അഡ്മിനിസ്ട്രേറ്റർ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിനെതിരെ കോൺഗ്രസ് ഭരണസമിതി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി ഉടൻ വായ്പ തിരിച്ചടയ്ക്കാൻ ഉത്തരവിട്ടു. ഇതോടെ  ഭരണസമിതി ഊരാക്കുരുക്കിലായി. തുടർന്ന് വായ്പത്തുകയിൽ ചെറിയ സംഖ്യ അടച്ചു. കോടതിയും ബാങ്ക് അഡ്മിനിസ്ട്രേറ്ററും നിരന്തരം ആവശ്യപ്പെട്ടിട്ടും നിലവിലെ കുടിശ്ശികത്തുകയായ 6.50 കോടി രൂപ അടയ്ക്കാൻ പാഡി കമ്പനി തയ്യാറായില്ല. ഇതേത്തുടർന്നാണ് ജപ്‌തിക്ക്‌ ഉത്തരവിട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top