02 July Thursday

ഭൂമിക്ക് കുട ചൂടി നാട്

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

പരിസ്ഥിതി ദിനത്തിൽ ഡിവൈഎഫ്ഐ പുഴയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച ‘നന്മയുടെ തൈ നടാം’ ചടങ്ങിൽ കലാമണ്ഡലം ഗോപി മുണ്ടൂരിലെ വീട്ടുവളപ്പിൽ തൈ നടുന്നു

തൃശൂർ 
ഭൂമിക്ക് കുട ചൂടാനും നാടിന് തണലൊരുക്കാനും ജനമനസ്സുകൾ ഒന്നിച്ചു. പരിസ്ഥിതി ദിനത്തിൽ ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ നാടിനായി സമർപ്പിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ ഒരുക്കിയിരുന്നു. സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും നടീലും സംഘടിപ്പിച്ചു. വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ, സർക്കാർ സർക്കാരിതര സ്ഥാപനങ്ങൾ, രാഷ്ട്രീയപാർടികൾ, യുവജന സംഘടനകൾ, മതസ്ഥാപനങ്ങൾ, മാധ്യമങ്ങൾ എന്നിങ്ങനെ ജനസമൂഹമാകെ വൃക്ഷത്തൈകൾ നട്ടു. 
വലിയതോട്പെരുംതോടിന്റെ ഇരുകരയിലും ഫലവൃക്ഷത്തൈകൾ നട്ട് സുഭിക്ഷ കേരളം പദ്ധതി  മന്ത്രി എ സി മൊയ്തീൻ  ഉദ്ഘാടനം ചെയ്‌തു. ഹരിതം സഹകരണം ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. ‘പച്ചത്തുരുത്തിലേക്ക്’ തൈകളുടെ ജില്ലാതല നടീൽ ഉദ്ഘാടനം മുളങ്കുന്നത്തുകാവ് കിലയിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശൻ  നിർവഹിച്ചു. പുത്തൂരിലെ നിർദ്ദിഷ്ട സുവോളജിക്കൽ പാർക്കിൽ ഗവ. ചീഫ് വീപ്പ് കെ രാജൻ വൃക്ഷത്തൈ നട്ടു. തേക്കിൻകാട് മൈതാനത്തിൽ സിറ്റി പൊലീസ്‌ കമീഷ്ണർ ആർ ആദിത്യയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു.  
സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെമ്പാടും വൃക്ഷത്തൈകൾ നട്ടു. ജില്ലാതല ഉദ്ഘാടനം മന്ത്രി എ സി മൊയ്തീൻ  തൃശൂരിൽ നിർവഹിച്ചു. 
സിഐടിയു, കർഷകസംഘം, കെഎസ്‌‌കെടിയു, ഡിവൈഎഫ്ഐ, എൻജിഒ യൂണിയൻ, വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിലും ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ നട്ടു. ജില്ലയിൽ 100 മിയോവാക്കി കാടുകൾ എന്ന പദ്ധതിക്ക്   ശാസ്ത്രസാഹിത്യ പരിഷത്ത് തുടക്കംകുറിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ, കാർഷിക സർവകലാശാല, സാഹിത്യഅക്കാദമി, ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം തുടങ്ങി വിവിധ സംഘടനകളും സ്ഥാപനങ്ങളും നാടിന് തണലൊരുക്കാൻ മുന്നിട്ടിറങ്ങി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top