15 July Wednesday
കോര്‍പറേഷൻ

റിലയന്‍സ് കേബിളിടല്‍: കോണ്‍ഗ്രസ് ഭരണത്തില്‍ നഷ്ടം 4 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

 തൃശൂർ

കോർപറേഷനിൽ കഴിഞ്ഞ കോൺഗ്രസ് ഭരണത്തിൽ റിലയൻസിന് കേബിൾ വലിക്കുന്നതിന് പിഡബ്ല്യുഡി നിരക്ക് ഈടാക്കാത്തതിനാൽ നാലു കോടി രൂപ  നഷ്ടം. നിലവിലെ എൽഡിഎഫ് കൗൺസിൽ പിഡബ്ല്യുഡി നിരക്ക് ഈടാക്കിയതോടെയാണ് വെട്ടിപ്പ് കണ്ടെത്തിയത്. 35 കിലോമീറ്റർ റിലയൻസ് കേബിളിടാൻ 70 ലക്ഷം രൂപ ഈടാക്കി കോൺഗ്രസ് ഭരണസമിതിയാണ് അനുമതി കൊടുത്തത്. ഇതിനുള്ളിൽപ്പെട്ട 10.46 കിലോമീറ്ററിന് എൽഡിഎഫ് കൗൺസിൽ 1.82 കോടി രൂപ ഈടാക്കി. അനുമതിയില്ലാത്ത റോഡിൽ കേബിളിട്ടത് കണ്ടെത്തിയാണ് തുക ഈടാക്കിയത്. ഇത് കോർപറേഷന് അധികനേട്ടമായി. കോൺഗ്രസ് ഭരണത്തിൽ നടന്ന വൻ അഴിമതിയും പുറത്തുവന്നു.  
യുഡിഎഫ് ഭരണത്തിൽ അന്നത്തെ പിഡബ്ല്യുഡി നിരക്ക് കണക്കാക്കിയിരുന്നെങ്കിൽ 35 കിലോമീറ്ററിന്  കുറഞ്ഞത് ഏഴു കോടി രൂപ ഈടാക്കാമായിരുന്നു. ഇത് ആസൂത്രിതമായി അവഗണിച്ചു. രണ്ടുതവണയായി റിലയൻസ് അടച്ച തുക കഴിച്ചാൽ കോർപറേഷന് കുറഞ്ഞത് നാലു കോടിയാണ് നഷ്ടം. ഇതിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനിരിക്കെയാണ് കോൺഗ്രസ് കപടസമരവുമായി രംഗത്തുവന്നിട്ടുള്ളത്.
2013ൽ ഐ പി പോൾ മേയറായിരിക്കെയാണ് റിലയൻസുമായി കരാറിലേർപ്പെട്ടത്. ഈ തുക കോർപറേഷൻ നിശ്ചയിച്ചതോ പിഡബ്ലുഡി നിരക്കോ ആയിരുന്നില്ല. കുറഞ്ഞ നിരക്ക് വാങ്ങുന്നതിന് സർക്കാർ അംഗീകാരവും വാങ്ങിയില്ല. ഇതിനെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണി കൗൺസിലിനകത്തും പുറത്തും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.  
എൽഡിഎഫ് അധികാരത്തിലെത്തിയശേഷം റിലയൻസ് പ്രവൃത്തികൾക്ക് ഒരുവിധ അംഗീകാരവും കൊടുത്തില്ല. കോൺഗ്രസ് ഭരണസമിതി റിലയൻസുമായി നടത്തിയ അഴിമതി ചർച്ചയ്‌ക്കെടുക്കുകയും വിജിലൻസ് അന്വേഷണത്തിന് സർക്കാരിലേക്ക്‌ എഴുതുകയും ചെയ്‌തു. ഇതിനിടെ പ്രവൃത്തികൾ പൂർത്തീകരിച്ചതായും അനുവദിച്ചതിൽ 21 കിലോമീറ്റർ മാത്രമേ കേബിളിട്ടിട്ടുള്ളൂവെന്നും റിലയൻസ് കോർപറേഷന് കത്ത് നൽകി. റിലയൻസിന്റെയും കോർപറേഷന്റെയും പ്രതിനിധികൾ ഇതുസംബന്ധിച്ച് പരിശോധിച്ചപ്പോൾ 10.46 കിലോമീറ്റർ അധികം കേബിളിട്ടതായും അനുമതി ഇല്ലാത്ത റോഡുകളിലാണ് ഇത് ചെയ്തതെന്നും കണ്ടെത്തി. ഇതിന്റെ പിഴയായി റീസ്റ്റോറേഷൻ ചാർജ് എന്ന രീതിയിലാണ് 1.82 കോടി രൂപ ഈടാക്കിയത്. 
യുഡിഎഫ് സർക്കാർ കേബിളിടാൻ ഏകീകൃത നിരക്ക് നിശ്ചയിച്ചിരുന്നില്ല. തൃശൂർ കോർപറേഷനുൾപ്പെടെ കുറഞ്ഞ നിരക്കാണ് ഈടാക്കിയത്. പരാതികളും ഉയർന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം പിഡബ്ല്യുഡി നിശ്ചയിക്കുന്ന ഉയർന്ന നിരക്ക് ഈടാക്കാൻ തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവിറക്കി. ഇതു പ്രകാരമാണ് കോർപറേഷന്‌ 1.82 കോടി ഈടാക്കാനായത്. കോർപറേഷന് വരുത്തിയ നഷ്ടം കോൺഗ്രസ് ഭരണസമിതിയിൽനിന്നും നിയമാനുസൃതം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ്. ഇതോടെയാണ് യുഡിഎഫും ചില മാധ്യമങ്ങളും കുപ്രചാരണവുമായി രംഗത്തിറങ്ങിയത്. യുഡിഎഫിന്റെ ഈ കള്ളപ്രചാരണം മുഖവിലയ്‌ക്കെടുക്കരുതെന്ന്‌ മേയർ അജിത ജയരാജൻ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top