Deshabhimani

പുഴയിൽ മീനില്ല, ഉൾനാടൻ മത്സ്യമേഖല പ്രതിസന്ധിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 12:28 AM | 0 min read

കൊടുങ്ങല്ലൂർ 
ഉൾനാടൻ മത്സ്യമേഖല പ്രതിസന്ധിയിൽ. കാലാവസ്ഥാ വ്യതിയാനവും പുഴയിൽ തഴച്ചുവളരുന്ന കുളവാഴയുമാണ് മത്സ്യങ്ങളുടെ പ്രജനനത്തിന് തടസ്സമാകുന്നത്. ഇതിനൊപ്പം കടലിൽ നിന്ന് മീനുകൾ പുഴയിലേക്ക് കയറാത്തതും കാലം തെറ്റിയ കനത്ത മഴയും  വിലങ്ങുതടിയാകുന്നു. പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മീനുകളെ ബാധിക്കുന്നു.
രാവേറെ പുഴയിൽ വല വീശിയാലും ജീവിതച്ചെലവ് നിവൃത്തിക്കാനുള്ള മീൻ കിട്ടുന്നില്ല. പുഴ മത്സ്യങ്ങളായ കണമ്പ്, കരിമീൻ, പ്രായൽ തുടങ്ങിയവയ്‌ക്കാണ് ഡിമാന്‍ഡ്. ഇവയുടെ ലഭ്യത ഇപ്പോൾ കുറവാണ്. തെള്ളി, ചൂടൻ ചെമ്മീനുകൾ, നാരൻ ചെമ്മീൻ, ഞണ്ട്‌ എന്നിവ ലഭിക്കുന്നുണ്ടെങ്കിലും മുൻകാലത്തെക്കാൾ കുറവാണ്. മീന്‍ കുറയുന്നതില്‍ കുളവാഴയാണ് പ്രധാന വില്ലൻ. വടക്കൻ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന കുളവാഴ ആനാപ്പുഴയിൽ തഴച്ചുവളരുകയാണ്. ഇവ ചീഞ്ഞ് പുറപ്പെടുന്ന വാതകം മീനുകളുടെ ജീവന് ഭീഷണിയാണ്. പ്രജനനത്തിനും തടസ്സമാകുന്നു. 
രാത്രി മത്സ്യബന്ധനത്തിനിടെ വല കുളവാഴയില്‍ കുടുങ്ങി നശിക്കുന്നതും പതിവാണ്. കക്ക വാരുന്നതിനും ഇത് തടസ്സമാകുന്നു. കുളവാഴയെ നശിപ്പിക്കണമെന്ന ആവശ്യം പഠിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ മേൽനോട്ടത്തിൽ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ തുടർ നടപടിയുണ്ടായില്ല. പുഴയിൽ നിന്ന് കുളവാഴകൾ നീക്കം ചെയ്തില്ലെങ്കിൽ മത്സ്യത്തൊഴിലാളികളുടെ ജീവിതം തകരും. കുളവാഴകൾ കോരിയെടുത്ത് നശിപ്പിക്കണമെന്നും കോൾപ്പാടങ്ങളിൽ നിന്നും പുഴയിലേക്ക് കുളവാഴകൾ വരാതിരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും മത്സ്യ ത്തൊഴിലാളികൾ പറഞ്ഞു.  
ആനാപ്പുഴയിൽ 500 ഓളം കുടുംബങ്ങളാണ് മീന്‍പിടിത്തം ഉപജീവനമാക്കിയിരിക്കുന്നത്. ദേശീയ ജലപാതക്കായി ഊന്നി വലകളും പുഴയിൽനിന്ന് നീക്കേണ്ടിവരും. നഷ്ടപരിഹാരം ലഭിക്കുമെങ്കിലും പുഴയിൽ മീൻ കുറയുമ്പോൾ എന്തുചെയ്യുമെന്നാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ചോദ്യം.


deshabhimani section

Related News

0 comments
Sort by

Home