24 January Friday

മാലിന്യം പണമാക്കുന്ന ചാലക്കുടി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

പ്ലാസ്റ്റിക് മാലിന്യം പൊടിച്ചെടുക്കുന്ന പ്ലാന്റ്‌


ചാലക്കുടി
മാലിന്യസംസ്കരണത്തിന് പുതിയ മാതൃകയാവുകയാണ് ചാലക്കുടി നഗരസഭയുടെ ‘ക്ലീൻ ചാലക്കുടി’. നഗരത്തിന്റെ പ്രധാന പ്രശ്‌നമായ മാലിന്യസംസ്കരണത്തിന്‌ പരിഹാരം തേടി നടത്തിയ അന്വേഷണങ്ങളാണ്  പുതിയ പദ്ധതിക്ക് കാരണമായത്. ഇടതുപക്ഷ ഭരണസമിതിയുടെ വലിയൊരു വികസന നേട്ടമാണ്‌  പദ്ധതി.
നഗരസഭയിലെ 30 വാർഡുകളേയും ബന്ധിപ്പിക്കുന്ന ഒരു ഹരിതകർമസേന രൂപീകരിച്ചു. ഇവർ  വാർഡ് കേന്ദ്രങ്ങളിൽനിന്ന് മാലിന്യം ശേഖരിച്ച്  ജൈവ -അജൈവ ങ്ങളായി വേർതിരിക്കുന്നു.  നാല് കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന തുമ്പൂർമുഴി മോഡൽ വാട്ട്സൻ പാർക്കുകളിലെത്തിക്കുന്നു. വാട്ട്-സൻ പാർക്കുകളിൽ മാലിന്യം ജൈവവളമാക്കും.  ഇത് പോട്ടയിലെ പ്ലാന്റിലെത്തിച്ച് പായ്ക്കറ്റുകളിലാക്കി മാർക്കറ്റിലെത്തിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ  റിസോർസ് റിക്കവറി ഫെസിലിറ്റി(ആർആർഎഫ്) സെന്ററിലെത്തിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ചെടുക്കും. ഇത്  തമിഴ്നാട്ടിലുള്ള കമ്പനിയിലേക്ക് കയറ്റി അയക്കുന്നു. റീ-സൈക്കിളിങ്‌ പ്ലാസ്റ്റിക് ഉപകരണങ്ങളുണ്ടാക്കാനും  ടാർ ഉണ്ടാക്കാനുമാണ് ഇതുപയോഗിക്കുന്നത്.

മാലിന്യത്തെ വരുമാനത്തിനുള്ള സ്രോതസ്സായി മാറ്റുകയാണ്‌ നഗരസഭ. നൂറോളം പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്‌.  അവരുടെ ശമ്പളമടക്കം എല്ലാ ചെലവുകൾക്കുശേഷവും നഗരസഭക്ക് ലാഭം നൽകുന്ന പദ്ധതിയായി ഇത്  മാറിക്കൊണ്ടിരിക്കയാണ്‌.  മാലിന്യരഹിതനഗരം എന്ന സ്വപ്നത്തിലേക്ക്‌  മുന്നേറുന്ന  പദ്ധതിക്ക്‌ ചുക്കാൻ പിടിക്കുന്നത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻകൂടിയായ പി എം ശ്രീധരനാണ്‌.


പ്രധാന വാർത്തകൾ
 Top