തൃശൂർ
ഓണത്തിന് മുന്നോടിയായി വ്യാജ മദ്യത്തിന്റെയും നിരോധിത ലഹരി ഉൽപ്പനങ്ങളുടെയും ലഭ്യത തടയാൻ പൊലീസും എക്‌സൈസും നടപടി കർശനമാക്കി. മയക്കുമരുന്ന് വിൽപ്പനയും വിതരണവും തടയാൻ പൊലീസ് ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഓണത്തിന് മുന്നോടിയായി സ്‌പെഷ്യൽ ഡ്രൈവുകളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലുടനീളം പരിശോധനകളും റെയ്‌ഡുകളും നടക്കുന്നുണ്ട്. എക്‌സൈസും സിറ്റി പൊലീസും കൂടി 846 കേസുകളാണ് സമീപ ദിവസങ്ങളിൽ എടുത്തത്.
എക്‌സൈസ് നടത്തിയത് 703 പരിശോധന
ഓണത്തിനു മുന്നോടിയായി വ്യാജ മദ്യ–- ലഹരി- ലഭ്യത തടയുന്നതിനായി കർശന നടപടി സ്വീകരിച്ച് ജില്ലാ എക്‌സൈസ് വകുപ്പ്. ഓണം സ്‌പെഷ്യൽ ഡ്രൈവിനിന്റെ ഭാഗമായി ജില്ലയിലൂടനീളം നടത്തിയ പരിശോധനകളിലും റെയ്ഡുകളിലായി 541 കേസെടുത്തു. 75 അബ്ക്കാരി, 32 എൻഡിപിഎസ്, 434 കോപ്‌ട കേസുകളാണ് എടുത്തത്. ഇതിൽ ഒരു സ്‌ത്രീയടക്കം 111 പേരെ അറസ്റ്റ് ചെയ്‌തു
എക്‌സൈസിന്റെ നേതൃത്വത്തിൽ 703 റെയ്‌ഡുകൾ നടത്തി. വിവിധ വകുപ്പുകളുമായി ചേർന്ന് ഒമ്പത് സംയുക്ത പരിശോധനകളും 44 ബൈക്ക് പട്രോളിങും 1953 വാഹന പരിശോധനയും നടത്തി. 110 ഓളം കേസെടുത്തു. 475 ലിറ്റർ വാഷ്, 16 ലിറ്റർ ചാരായം, 214 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 13.5 ലിറ്റർ അരിഷ്ടം, 528 ലിറ്റർ കള്ള്, 430 ഗ്രാം കഞ്ചാവ്, കഞ്ചാവ് ചെടികൾ, പുകയില ഉൽപ്പന്നങ്ങൾ, 392 ഗ്രാം മെത്താംഫിറ്റമിനും വാഹനങ്ങളും പിടിച്ചെടുത്തു. കോപ്‌ട പ്രകാരം 86,800 രൂപ പിഴയും ഈടാക്കി. ഓണത്തോടനുബന്ധിച്ചു എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വാഹനപരിശോധന ശക്തമാക്കിയെന്ന് അസി. എക്‌സൈസ് കമീഷണർ എച്ച് നൂർദീൻ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിങ് ഫോഴ്സ് യുണിറ്റുകളും പ്രവർത്തിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡി –ഹണ്ടിൽ കുടുങ്ങിയത് 312 പേർ
ഡി – ഹണ്ടിന്റെ ഭാഗമായി തൃശൂർ സിറ്റി പൊലീസ് 14ദിവസത്തിനിടയിൽ നടത്തിയ പരിശേധനയിൽ 305 കേസെടുത്തു. പ്രതി ചേർത്ത 313ൽ 312 പേരെയും അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളടക്കം പൊലീസ് വലയിലായി. സംസ്ഥാനത്തെ ഏറ്റവും വലിയ സിന്തറ്റിക്ക് മയക്കുമരുന്ന് വേട്ടയും ഈകാലയളവിലായിരുന്നു. ഈ കേസിൽ ഹൈദരാബാദിലെ മയക്കുമരുന്ന് നിർമാണ കേന്ദ്രം കണ്ടെത്തി. ഓണവുമായി ബന്ധപ്പെട്ട് ലഹരിവേട്ട തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..