15 October Tuesday

ഓണമൂട്ടാൻ 
കാറ്ററിങ്ങും റെഡി

സ്വന്തം ലേഖികUpdated: Thursday Sep 5, 2024
തൃശൂർ
ഓണം ഇത്തവണ അടുക്കളയിലൊതുക്കാതെ പൂക്കളമിട്ട്‌ ഓണക്കോടിയുടുത്ത്‌ ഉഷാറാക്കാം. ഒരുങ്ങിവരുമ്പോഴേക്കും പരിപ്പ്‌ പപ്പടം ഉപ്പേരി... പാലട പരിപ്പ്‌  പ്രഥമൻ ...കറികളും തൊടുകറികളുമായി 20ലേറെ വിഭവങ്ങൾ തൂശനിലയിൽ നിരക്കും. പ്രൗഢി ചോരാതെ ഓണസദ്യയുടെ രുചിയും മണവും തനിമയും വീടുകളിലെത്തിക്കാൻ ഹോട്ടലുകാരും കാറ്ററിങ്ങുകാരും ഒരുങ്ങിക്കഴിഞ്ഞു. 
പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും തൊടുകറികളും പഴവും നെയ്യും ഉപ്പും ചേരുമ്പോൾ ഓണസദ്യ പൂർണമാകും.  
വീടുകളിൽ ഓണസദ്യയെത്തിക്കാൻ ജില്ലയിലെ ഹോട്ടലുകളും കാറ്ററിങ്‌ കമ്പനികളും തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. കുറഞ്ഞത്‌ അഞ്ച്‌ പേർക്കെങ്കിലുമുള്ള ഓർഡറുകളാണ്‌ മിക്കവരും സ്വീകരിക്കുന്നത്‌. 
  കൂടുതലും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമാണ്‌ ഓർഡറുകൾ വരുന്നത്‌. 20 ഓളം വിഭവങ്ങളുള്ള സദ്യക്കൊപ്പം പായസം ഇഷ്‌ടാനുസരണം തെരഞ്ഞെടുക്കാം. പാലട, അടപ്രഥമൻ, പരിപ്പ്‌, പഴം, കരിക്ക്‌, പൈനാപ്പിൾ, ഗോതമ്പ്‌ തുടങ്ങി പായസങ്ങൾ അനവധി. വിഭവങ്ങൾ കൂടുമ്പോൾ വിലയിലും മാറ്റം വരും.  ഓൺലൈൻ ഫുഡ്‌ ഡെലിവറിയും  വീടുകളിൽനിന്ന്‌  ഉണ്ടാക്കി സ്ഥാപനങ്ങളിലേക്കെത്തിക്കുന്ന സംവിധാനങ്ങളും മിക്കയിടങ്ങളിലുമുണ്ട്‌. ഒരാൾക്കുള്ള സദ്യക്ക്‌ 150 രൂപമുതൽ 500 വരെയാണ്‌ വില.
 ചിലയിടങ്ങളിൽ അതിലും കൂടുതൽ ഈടാക്കും.  പായസവും മറ്റുവിഭവങ്ങളും മാത്രമായും ഓർഡർ ചെയ്യാൻ കഴിയും. ജില്ലയിൽ മിക്കയിടങ്ങളിലും പായസ മേളകൾക്കും തുടക്കമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top