തൃശൂർ
മധുരയിൽ നടക്കുന്ന സിപിഐ എം 24 –-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ജില്ലയിൽ വ്യാഴാഴ്‌ച തുടക്കമാകും. ഒക്‌ടോബർ അഞ്ചിന് സമാപിക്കും. 2627 ബ്രാഞ്ചുകളിലായി 45,486 അംഗങ്ങളുണ്ട്. ലോക്കൽ സമ്മേളനം ഒക്‌ടോബർ 10ന് തുടങ്ങി നവംബർ നാലിന് സമാപിക്കും. 193 ലോക്കലുകളുണ്ട്. 17 ഏരിയ സമ്മേളനങ്ങൾക്ക് നവംബർ 13ന് തുടക്കമാകും. 30ന് സമാപിക്കും. കുന്നംകുളം, ഒല്ലൂർ ഏരിയ സമ്മേളനം നവംബർ 13,14,15, തിയതികളിൽ നടക്കും. ചേലക്കര, ചാവക്കാട്, ചേർപ്പ് ഏരിയാ സമ്മേളനങ്ങൾ 16,17,18 തീയതികളിലാണ്. വടക്കാഞ്ചേരി, ചാലക്കുടി, മണ്ണൂത്തി ഏരിയാ സമ്മേളനങ്ങൾ 19,20, 21 തീയതികളിലും കൊടുങ്ങല്ലൂർ, കൊടകര, വള്ളത്തോൾനഗർ ഏരിയ സമ്മേളനങ്ങൾ 22,23,24 തിയതികളിലും മണലൂർ, മാള, തൃശൂർ ഏരിയ സമ്മേളനങ്ങൾ 25,26,27 തീയതികളിലും നടക്കും. പുഴയ്‌ക്കൽ, നാട്ടിക, ഇരിങ്ങാലക്കുട ഏരിയ സമ്മേളനങ്ങൾ 28, 29, 30 തിയതികളിലാണ്. ജില്ലാ സമ്മേളനം ജനുവരി 4,5,6 തീയതികളിൽ കുന്നംകുളത്താണ്.
ഒരുകാലത്ത് വലതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന ജില്ലയിൽ സിപിഐ എമ്മിനുണ്ടായ മുന്നേറ്റം വിളംബരം ചെയ്‌താണ് ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമാകുന്നത്. ജില്ലയിലെ ബഹുഭൂരിപക്ഷം ജനങ്ങളും പിന്തുണയ്‌ക്കുന്ന പ്രസ്ഥാനമാണ് ഇന്ന് സിപിഐ എം. എൽഡിഎഫിന്റെ ശക്തി കേന്ദ്രമാണ് ജില്ല. 13 എംഎൽഎമാരിൽ 12 ഉം എൽഡിഎഫിനാണ്. തൃശൂർ കോർപറേഷൻ എൽഡിഎഫ് ഭരിക്കുന്നു. ത്രിതല പഞ്ചായത്തുകളിലും എൽഡിഎഫ് സമഗ്രാധിപത്യമാണ്. ജില്ലാ പഞ്ചായത്തിൽ 29 ഡിവിഷനിൽ 24 ഉം എൽഡിഎഫിനാണ്.
16 ബ്ലോക്ക് പഞ്ചായത്തിൽ 13 ഉം 86 പഞ്ചായത്തുകളിൽ 68 ഉം എൽഡിഎഫ് ഭരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ട് മറിച്ചതിനെ തുടർന്ന് തൃശൂരിൽ ബിജെപി ജയിച്ചിട്ടും എൽഡിഎഫ് വോട്ട് വർധിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ 16,226 വോട്ടാണ് ഇത്തവണ കൂടിയത്. യുഡിഎഫിന്റെ 86,965 വോട്ട് കുറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..