10 September Tuesday

പൊലീസിന്റെ മുഖമുദ്ര 
വയനാട്ടിൽ കണ്ടു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024
തൃശൂർ
മനുഷ്യത്വം സേനയുടെ മുഖമുദ്രയാണെന്ന്‌ കാണിക്കുന്ന പ്രവർത്തനമാണ്‌ വയനാട്‌ ദുരന്തത്തിൽ കാണാനായതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  ചൂരൽമലയിലേയും മുണ്ടക്കൈയിലേയും ഉരുൾപൊട്ടൽ ദുരന്തമുഖത്ത് ദൃഢനിശ്ചയത്തോടെയാണ് പൊലീസും ഫയർഫോഴ്‌സും സൈന്യവും ദുരന്തനിവാരണസേനയുമെല്ലാം പ്രവർത്തിക്കുന്നത്‌. സംസ്ഥാനത്തെ ഏറ്റവും വലുതും രാജ്യത്തെ വൻ ദുരന്തങ്ങളിലൊന്നുമാണ്‌ വയനാട്ടിലുണ്ടായത്‌.  കേരള പൊലീസിന്‌ അഭിമാനിക്കാവുന്ന ഒട്ടേറെ ഏടുകൾ ദുരന്തമുഖത്ത് കാണാനായി. പൊലീസ്‌ അക്കാദമി മുഖ്യപരേഡ് ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ  കേരള ആംഡ് വനിത ബറ്റാലിയൻ 19 ബി ബാച്ചിലെ 187  പേരുടേയും  മലപ്പുറം എംഎസ്‌പി ബറ്റാലിയൻ 26 -ാമത് ബാച്ചിലെ 223 പുരുഷ   സേനാംഗങ്ങളുടേയും സംയുക്ത പാസിങ്‌ ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
 അത്യന്തം അപകടകരമയ രക്ഷാദൗത്യങ്ങളാണ് സ്വന്തം ജീവൻ പോലും അവഗണിച്ച്‌ വയനാട്ടിലെ ദുരന്തമുഖത്ത് പൊലീസ്‌ ഏറ്റെടുത്തത്. പ്രളയകാലത്തും കോവിഡ് കാലത്തും പൊലീസിന്റെ കരുതലിന്റെ സ്‌നേഹസ്പർശം കേരളം അനുഭവിച്ചിട്ടുണ്ട്‌. ദുരന്തമുഖങ്ങളിൽ കേരളം കാത്തുസൂക്ഷിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ ഊഷ്മളത നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വം പൊലീസിന്റെ ഭാഗമാകുന്ന ഓരോ സേനാംഗത്തിനുമുണ്ട്‌. ഉന്നതവിദ്യഭ്യാസമുള്ള നിരവധി പേരാണ്‌ സേനയുടെ ഭാഗമാകുന്നത്‌. ഇത്‌ അടുത്ത കാലത്ത്‌ കാണുന്ന പ്രത്യേകതയാണ്‌. ഉന്നത വിദ്യഭ്യാസമുള്ള വനിതകളുടെ പങ്കാളിത്തം സേനയുടെ കാര്യശേഷി വർധിപ്പിക്കുന്നു. 1308 വനിതകൾക്കാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിയമനം നൽകിയത്‌. 23 പേർ സബ്‌ ഇൻസ്‌പെക്ടർമാരാണ്‌. ഇപ്പോൾ 1403 വനിതകൾ പൊലീസ്‌ സേനയുടെ ഭാഗമായി. കുട്ടികളുടെയും സ്‌ത്രീകളുടെയും  കേസുകൾ കൈക്കാര്യം ചെയ്യുമ്പോൾ തികഞ്ഞ ജാഗ്രത വേണം.  ജനപക്ഷത്തുനിന്ന്‌ പ്രവർത്തിക്കാൻ കഴിയണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top