കൊടുങ്ങല്ലൂർ
തീരാദുരിതത്തിനിടെ മണ്ണെണ്ണ വിലവർധന, തീരത്തെ കൂടുതൽ വറുതിയിലാക്കുന്നു. മത്സ്യഫെഡിൽനിന്ന് ലിറ്റർ മണ്ണെണ്ണയ് ക്ക് 118 രൂപ കൊടുക്കണം. ഇവിടെനിന്ന് മണ്ണെണ്ണ കിട്ടിയില്ലെങ്കിൽ കരിഞ്ചന്തയിൽ 180 രൂപയാണ് വാങ്ങുന്നത്. തുടർച്ചയായി 80 രൂപയുടെ വർധനയാണ് വരുത്തിയത്. മത്സ്യത്തൊഴിലാളി ജീവിതത്തിനുമേൽ കരിനിഴൽ വീഴുന്നതിലുള്ള ആശങ്കയിലാണിവർ. നടുക്കടലിൽ വീണവന്റെ മേൽ ഇടിവെട്ടേറ്റ അവസ്ഥയാണ് കുത്തനെയുള്ള മണ്ണെണ്ണ വിലവർധന സൃഷ്ടിച്ചിരിക്കുന്നതെന്ന് ശ്രീ അയ്യപ്പൻ വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു കേന്ദ്രസർക്കാർ വലിയ ക്രൂരതയാണ് കാട്ടിയിരിക്കുന്നത്. ഇങ്ങനെ പോയാൽ മത്സ്യമേഖല കുത്തുപാളയെടുക്കുമെന്ന് മത്സ്യത്തൊഴിലാളി പോണത്ത് സുനിൽ പറഞ്ഞു. കടലിൽ പോയി തിരിച്ചെത്തിയാൽ ഇപ്പോൾത്തന്നെ കണ്ണീരാണ്. മണ്ണെണവില വർധനകൂടിയായതോടെ പിടിച്ചുനിൽക്കാൻ പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കടലിൽ പോയാൽ തൊഴിലാളികൾക്ക് മീൻ കിട്ടുന്നില്ല. ആയിരങ്ങൾ കൊടുത്ത് ഇന്ധനം നിറച്ച് അതിരാവിലെ കടലിൽ പോയാൽ തിരിച്ചുവരുന്നത് തുച്ഛമായ മീനുംകൊണ്ടായിരിക്കും. ഇന്ധനത്തിന് കൊടുത്ത പണത്തിന്റെ പകുതിപോലും കിട്ടില്ല. കാലവർഷത്തിൽ നല്ല മത്സ്യക്കൊയ്ത്താണ് പ്രതീക്ഷിച്ചിരുന്നത്. ട്രോളിങ് നിരോധനമായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ പിടിച്ച് നിലവിലെ കടങ്ങൾ വീട്ടാൻ കഴിയുമെന്ന് കരുതിയിരുന്നു. ഇപ്പോൾ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞ നിലയിലായി? പരമ്പരാഗത വള്ളങ്ങളിലേറെയും മണ്ണെണ്ണയാണ് ഉപയോഗിക്കുന്നത്. കേന്ദ്രം തുടർച്ചയായി ക്വോട്ട വെട്ടിക്കുറച്ച് മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്നതിനിടയിലാണ് വിലയും കുത്തനെ കൂട്ടിയത്. ഇതിനിടയിൽ കടൽക്ഷോഭവും തുടങ്ങി. കടലിലെ മത്സ്യലഭ്യതക്കുറവും ഇന്ധനവില വർധനയും കടൽക്ഷോഭവുമെല്ലാമായതോടെ തീരം വറുതിയിലേക്ക് നീങ്ങുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..