20 June Sunday
സുഭിക്ഷകേരളം: 1581 ഹെക്ടറില്‍ കൃഷി

കോവിഡിലും കരിയാതെ പ്രതീക്ഷയുടെ പച്ചപ്പ്‌

സ്വന്തം ലേഖകന്‍Updated: Sunday Jul 5, 2020

തൃശൂർ

കോവിഡ്‌ കാലം കടന്ന്‌ കൃഷിയിടങ്ങളിൽ പ്രതീക്ഷയുടെ പച്ചപ്പ്‌. സുഭിക്ഷകേരളം പദ്ധതിയിൽ  ലക്ഷ്യംകവിഞ്ഞ നേട്ടവുമായി ജില്ലയിൽ കാർഷിക കുതിപ്പ്‌. 
930 ഹെക്ടറിൽ കൃഷിയിറക്കാനായിരുന്നു ലക്ഷ്യമെങ്കിലും 1581 ഹെക്ടറിൽ പുതുതായി കൃഷിയിറക്കും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി കാർഷിക മേഖലയിൽമാത്രം 14.43 കോടിയുടെ പദ്ധതികൾക്ക് അംഗീകാരമായി. മൃഗസംരക്ഷണം, മത്സ്യസംരക്ഷണം തുടങ്ങിയ പദ്ധതികളും ഒട്ടേറെയുണ്ട്. 
സംസ്ഥാനത്ത് 12,500 ഹെക്ടറിലാണ് പുതുതായി കൃഷിയിറക്കുക. 3000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.
ജില്ലയിൽ നെല്ല്, വാഴ, പച്ചക്കറി എന്നിവ 250 വീതം ഹെക്ടറിലും കിഴങ്ങ് 150 ഹെക്ടറിലും പയർവർഗങ്ങൾ 20 ഹെക്ടറിലും ചെറുധാന്യം 10 ഹെക്ടറിലുമടക്കം 930 ഹെക്ടറിൽ തരിശ് കൃഷി ചെയ്യാനായിരുന്നു ലക്ഷ്യം. എന്നാൽ, നെല്ല് 682 ഹെക്ടർ, കിഴങ്ങ് 275 ഹെക്ടർ, പച്ചക്കറി 297, വാഴ 176, പയർ 84, മറ്റുള്ളവ 67 എന്നിങ്ങനെ കൃഷിയിറക്കാൻ പദ്ധതികളായതായി ജില്ലാ കൃഷി ഓഫീസർ കെ രാധകൃഷ്ണൻ പറഞ്ഞു. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലങ്ങളിൽ  ജനകീയാസൂത്രണപദ്ധതികളിലായി 277 പ്രോജക്ടുകൾ തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു.
കൃഷി വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിലൂടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്. സഹകരണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും കുടുംബശ്രീയും തൊഴിലുറപ്പുതൊഴിലാളികളും  വിവിധ സംഘടനകളും യുവജനങ്ങളുമുൾപ്പെടെ പങ്കാളികളാകുന്ന വിപുലമായ കർമപദ്ധതിയാണ് നടപ്പാക്കുന്നത്.  
ഓരോ കൃഷിഭവന്റെയും പരിധിയിൽ വ്യക്തികൾ, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, തുടങ്ങിയവയുടെ കൈവശമുള്ള തരിശുകിടക്കുന്ന പാടങ്ങളിലും പറമ്പുകളിലും കൃഷിയിറക്കും. തരിശുകൃഷിക്ക് സബ്സിഡി ലഭ്യമാക്കും. 
ഓരോ പ്രദേശത്തിന്റെയും കാർഷിക കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും വിപണിയിൽ ആവശ്യമുള്ളതുമായ വിളകളാണ് കൃഷി ചെയ്യുന്നത്. ഇതോടൊപ്പം ജില്ലയിൽ ഏകദേശം 13.51 ലക്ഷം ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കും. 
സുഭിക്ഷകേരളം പദ്ധതിവഴി ഫിഷറീസ് വകുപ്പ് പടുതാ കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്‌ളോക്ക്‌ മത്സ്യകൃഷി, കരിമീൻ കൃഷി തുടങ്ങിയവ നടപ്പാക്കുന്നുണ്ട്‌. മൃഗസംരക്ഷണ വകുപ്പും വിവിധ പദ്ധതികൾ നടപ്പാക്കുന്നു‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top