25 May Monday
ഗവ. മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രി

നേരിടും സർവസന്നാഹവുമായി

പി ഡി പ്രതീഷ്‌Updated: Sunday Apr 5, 2020

 തൃശൂർ 

മുളങ്കുന്നത്തുകാവ്  ഗവ. മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി മാറുന്നതിനുള്ള ഒരുങ്ങി. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ഇതിനായി വിന്യസിക്കുന്നതിനുള്ള മാർഗരേഖ സംസ്ഥാന ആരോഗ്യ വകുപ്പ് മാർച്ച് 31ന് പുറപ്പെടുവിച്ചിരുന്നു. കോവിഡ് ആശുപത്രിയായി മാറിയാലും എമർജൻസി,  സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ തുടർന്നും നടത്താവുന്ന വിധത്തിലായിരിക്കും ക്രമീകരണം. ഡോക്ടർമാർ, നേഴ്സുമാർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, നേഴ്സിങ്ങ് സഹായികൾ, അറ്റൻഡർ, ഡ്രൈവർ  എന്നിവരെയെല്ലാം മൂന്നു ടീമുകളായി മാറ്റും. ഒരു വിഭാഗം കോവിഡ് ചികിത്സയിലാവുമ്പോൾ രണ്ടാമതു വിഭാഗം മറ്റു രോഗികളെ ചികിത്സിക്കും. മൂന്നാമതു വിഭാഗം   റിസർവായി  നിർബന്ധിത ഐസൊലേഷനിലേക്ക് പോകും. ഇവർ നിശ്ചിത കാലാവധി കഴിയുമ്പോൾ അടുത്ത ചുമതലയിലേക്ക് മാറും. ലോകാരോഗ്യ സംഘടന, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി  സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് കോവിഡ് ആശുപത്രി  പ്രോട്ടോക്കോൾ തയ്യാറാക്കുന്നത്. തൃശൂർ മെഡിക്കൽ കോളേജിൽ അത് പ്രാവർത്തികമാക്കാൻ നിയോഗിക്കുന്ന സമിതിയുടെ ചെയർമാൻ കോളേജ് പ്രിൻസിപ്പലും കൺവീനർ ആശുപത്രി സൂപ്രണ്ടുമാണ്‌. 
നാലുനിലയുള്ള രണ്ട് കെട്ടിടങ്ങളാണ് ഇപ്പോൾ കോവിഡ് ചികിത്സക്കായി മാറ്റുന്നത്. താൽക്കാലിക വിഭജനത്തിലൂടെ  35 മുറികൾ കൂടി ഒരുക്കി . മറ്റു ചികിത്സകൾക്കായി എത്തുന്ന രോഗികൾക്ക്  ആശുപത്രിക്കകത്ത്  സഞ്ചരിക്കാവുന്ന വഴികളും മേഖലകളും പ്രത്യേകം ക്രമീകരിക്കും. ഇപ്പോൾ തന്നെ   നാനൂറോളം കോവിഡ്  രോഗികളെ ചികത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. അത് ഇനിയും വർധിപ്പിക്കാനാകും. രോഗ വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ മറ്റു ചികിത്സകൾക്കായി മാറ്റി വച്ചിരിക്കുന്ന സൗകര്യങ്ങൾ കോവിഡിനായി ഉപയോഗിക്കേണ്ട  സാഹചര്യം ഉണ്ടാവൂ. അതുവരെ  എമർജൻസി സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ തുടരുമെന്ന്  പ്രിൻസിപ്പൽ ഡോ. ആൻഡ്രൂസ്‌  അറിയിച്ചു.
പ്രധാന വാർത്തകൾ
 Top