Deshabhimani

കൂടുതൽ ബിജെപി നേതാക്കൾ കുരുക്കിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 12:14 AM | 0 min read

തൃശൂർ
ബിജെപി  തൃശൂർ ജില്ലാ മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ കൂടുതൽ നേതാക്കളെ  കുരുക്കിലാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ  ബിജെപി   ഇറക്കിയ  കള്ളപ്പണത്തിൽ ഒന്നരക്കോടി രൂപ  ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌ കുമാർ കാറിൽ കടത്തിയതായാണ്‌   വെളിപ്പെടുത്തൽ. ജില്ലാ ട്രഷറർ സുജയ സേനൻ, ജനറൽ സെക്രട്ടറി കെ ആർ ഹരി എന്നിവർ കള്ളപ്പണ ഇടപാടിന്‌ നേതൃത്വം നൽകിയതായും വെളിപ്പെടുത്തി. ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാർ ജില്ലയിൽ ബിജെപിയുടെ  സർവാധികാരിയാണ്‌. വീണ്ടും ജില്ലാ നേതൃത്വം പിടിച്ചെടുക്കാനാണ്‌ നീക്കം.  അതിനായി എല്ലാവരേയും പേടിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഒപ്പം നിർത്തുകയാണെന്നും സതീഷ്‌ പറയുന്നു. 
    നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 14.30 കോടി  രൂപ കള്ളപ്പണം തൃശൂരിൽ  ഇറക്കിയതായി പണം കൊണ്ടുവന്ന ധർമരാജൻ  പൊലീസിന്‌  മൊഴി നൽകിയിട്ടുണ്ട്‌.  തെരഞ്ഞെടുപ്പ്‌ സാമഗ്രിയെന്ന പേരിലാണ്‌ പണം എത്തിച്ചത്‌.  ജില്ലയിൽ  രണ്ടായിരത്തിൽപ്പരം ബൂത്തുണ്ട്‌. എന്നാൽ ബിജെപിക്ക്‌ പല ബൂത്തുകളും സജീവമല്ല.  5000 രൂപ, 7000, 10,000 രൂപ എന്ന നിലയ്‌ക്കാണ്‌ പരമാവധി ബൂത്തുകളിൽ വിതരണം ചെയ്യാറുള്ളത്‌.   എത്ര കോടി  രൂപ ബൂത്തുകളിൽ വിതരണം ചെയ്‌തു,  ബാക്കി എന്തുചെയ്‌തുവെന്ന്‌ നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്‌. ഇവരെ  സംരക്ഷിക്കുന്ന സംസ്ഥാന നേതാക്കൾ ആരാണെന്നും ഇവരുടെ പിന്നിലെ മാഫിയാ സംഘങ്ങൾ ആരൊക്കെയെന്നും കണ്ടെത്തണമെന്നും സതീഷ്‌  ആവശ്യപ്പെടുന്നു.    
    ബിജെപി ജില്ലാകമ്മിറ്റിയുടെ  കണക്കുകൾ ഓഡിറ്റ്‌ ചെയ്യാൻ വരുന്ന നേതാക്കളെ  സതീഷാണ്‌ സഹായിക്കാറുള്ളത്‌. ബിജെപി ഓഫീസിൽനിന്ന്‌ ജില്ലാ പ്രസിഡന്റ്‌ അനീഷ്‌ കാറിൽ കടത്തിയ പണത്തിന്റെ കണക്ക്‌ എവിടെയും കാണുന്നില്ല. ജില്ലാ നേതൃത്വവും  കള്ളപ്പണക്കടത്തിൽ കൂട്ടുപങ്കാളികളായതോടെ  സംസ്ഥാന  നേതൃത്വവും പ്രതിക്കൂട്ടിലാണ്‌.
 


deshabhimani section

Related News

0 comments
Sort by

Home