31 January Tuesday

അര്‍ഹമായ മുഴുവന്‍ പട്ടയ 
അപേക്ഷകളും തീർപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
തൃശൂർ
പട്ടയ വിതരണത്തിന്റെ കാര്യത്തില്‍ ജനകീയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പട്ടയത്തിനായി ലഭിച്ച അപേക്ഷകളില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും കാലതാമസമില്ലാതെ പട്ടയം ലഭ്യമാക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ പട്ടയ വിതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി നടത്തിയ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 
നിലവില്‍ ലഭ്യമായ മുഴുവന്‍ പട്ടയ അപേക്ഷകളും അടുത്ത വര്‍ഷത്തോടെ തീര്‍പ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ വിതരണം ചെയ്യാന്‍ ബാക്കിയുള്ള മുഴുവന്‍ പട്ടയങ്ങളുടെയും തടസ്സങ്ങള്‍ നീക്കി അവ വിതരണത്തിന് സജ്ജമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ തീര്‍പ്പാക്കാന്‍ ബാക്കിയുള്ള അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതിന്  കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അദാലത്തുകള്‍ നടത്തും.
ജില്ലയില്‍ കേന്ദ്രാനുമതി ലഭിച്ച 7375 വനഭൂമി പട്ടയങ്ങളില്‍ 5779 പട്ടയങ്ങള്‍ ഇതിനകം വിതരണം ചെയ്തു. ബാക്കിയുള്ളവയില്‍ നടപടി പുരോഗമിക്കുകയാണ്. 4561 വനഭൂമി പട്ടയ അപേക്ഷകളില്‍ കേന്ദ്രാനുമതി ലഭിക്കാന്‍ ബാക്കിയുണ്ട്. ഇവയില്‍ സര്‍വേ നടപടികള്‍ ബാക്കിയുള്ള 2647 അപേക്ഷകളില്‍ മൂന്നു മാസത്തിനകം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 30 സര്‍വേയര്‍മാരെ കൂടി അനുവദിക്കണമെന്നും കലക്ടര്‍ പറഞ്ഞു. 
റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഭിനന്ദിച്ചു. ലാന്‍ഡ് റവന്യൂ കമീഷണര്‍ ടി വി  അനുപമ,  കലക്ടര്‍ ഹരിത വി കുമാര്‍, ജോയിന്റ് ലാന്‍ഡ് റവന്യൂ കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, അസി. ലാൻഡ്‌ റവന്യൂ കമീഷണര്‍ അനു എസ് നായര്‍, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, അസി. കലക്ടര്‍ വി എം ജയകൃഷ്ണന്‍  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top