05 December Thursday

കോണ്‍ഗ്രസിലേക്ക്‌ ചേക്കേറിയ കൗണ്‍സിലര്‍
ഭരണസമിതിക്ക് തലവേദനയായി 


വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

 ചാലക്കുടി

നഗരസഭ കോൺഗ്രസ് ഭരണസമിതിക്ക് തലവേദനയായി കോൺഗ്രസ് പാളയത്തിലേക്ക് ചേക്കേറിയ കൗൺസിലർ. ബിജെപി സ്വതന്ത്രനായി വിജയിച്ച് പിന്നീട് കോൺഗ്രസിലെത്തിയ വത്സൻ ചമ്പക്കരയാണ്  ഭരണസമിതിക്ക് തലവേദന സൃഷ്ടിക്കുന്നത്. 
ഭരണപക്ഷത്തെ ചേരിപോര് പല വേദികളിലും പരസ്യപ്പെടുത്തിയ വത്സന് നേതൃത്വം പലവട്ടം താക്കീത് നൽകിയിരുന്നു. എന്നാൽ താക്കീതൊന്നും വിലയ്‌ക്കെടുക്കാതെ കഴിഞ്ഞ ദിവസവും നേതൃത്വത്തിനെതിരെ പ്രസംഗം നടത്തിയത് വിവാദമായിരിക്കുകയാണ്. നവീകരിച്ച പോട്ട പാമ്പാമ്പോട് ക്ഷേത്ര റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ എംഎൽഎ, നഗരസഭാ ചെയർമാൻ എന്നിവർ പങ്കെടുത്ത വേദിയിൽ സ്വാഗത പ്രസംഗത്തിനിടെയാണ്‌ വാർഡ് മെമ്പർകൂടിയായ വത്സൻ വിവാദപ്രസംഗം നടത്തിയത്. ആഗ്രഹത്തിനനുസരിച്ചുള്ള മുന്നോട്ടുള്ള പോക്കിന് മാനസികമായി തൃപ്തി കിട്ടിയില്ലെങ്കിൽ ആ ബന്ധം പൊട്ടിക്കാൻ യാതൊരു മടിയുമില്ലെന്ന് പ്രഖ്യാപിക്കുകയാണെന്നാണ് വത്സൻ തുറന്നു പറഞ്ഞു. കോൺഗ്രസിൽ താൻ തൃപ്തനല്ലെന്നാണ് ചെയർമാൻ പങ്കെടുത്ത വേദിയിൽ വത്സൻ പറഞ്ഞു.  കൗൺസിലിനകത്തും പുറത്തും പരസ്യമായി ചെയർമാനെതിരേയും ഭരണപക്ഷ നിലപാടിനെതിരേയും വത്സൻ രംഗത്തെത്തിയിരുന്നു. ചെയർമാനെതിരെ നിരവധി സമരങ്ങളും വത്സന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. 
നഗരസഭയിൽ ചെയർമാൻ എബി ജോർജിന്റെ എതിർചേരിയായ പൈലപ്പൻ പക്ഷത്തോടൊപ്പമാണ് വത്സൻ. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം വാഗ്ദാനം ചെയ്താണ് വത്സനെ കോൺഗ്രസിലേത്തിച്ചതെന്ന് പറയുന്നു. എന്നാൽ  സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നല്കാൻ എബി ജോർജ് വിഭാഗം തയ്യാറായില്ല. ഇത് സംബന്ധിച്ച് ഇരുപക്ഷങ്ങളും തമ്മിലുള്ള വാക്കേറ്റങ്ങളും പോർവിളികളും പലപ്പോഴും നടക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top