07 October Monday

നെൽകൃഷിയിൽ ജോസ് വൈദ്യരുടെ ഉതിർമണി വിപ്ലവം

അജീഷ്‌ കർക്കിടകത്ത്‌Updated: Wednesday Sep 4, 2024

ജോസ് വൈദ്യർ പാടശേഖരത്തിൽ

വടക്കാഞ്ചേരി
വെള്ളാറ്റഞ്ഞൂർ വടക്കേത്തല ജോസ് വൈദ്യന്റെ ‘ഉതിർ മണി നെൽകൃഷി' വേലൂർ പാടശേഖരത്തിൽ വിപ്ലവം തീർക്കുന്നു. മുണ്ടകൻ കൃഷിയുടെ ഉതിർ മുളച്ചു പൊന്തിയാണ് കൃഷി. ഏപ്രിലിലെ ഇടമഴയിൽ നിലമുഴുത് ഒരുക്കുന്നു. ഇടവപ്പാതിക്കു മുമ്പേ മുളച്ചുവരുന്ന ചെടികൾ മഴയ്ക്കുശേഷം കൈവിതയേക്കാൾ വളരുന്നതാണ്. 
മുളച്ചുവരുന്ന കളകൾക്ക് ഉമ നെൽവിത്തിനേക്കാൾ പ്രായക്കുറവുള്ളതു കൊണ്ട് കളകൾ വിളവിനെ ബാധിക്കാറില്ല. വയലൊരുക്കലിനും വിത്തിടലിനും കളപറിക്കലിനും വളപ്രയോഗത്തിനും വരമ്പുനിർമാണത്തിനും ചെലവുവരുന്നില്ല. പാരമ്പര്യ വൈദ്യനായ ജോസ് നെൽകൃഷിയിൽ നൂതന പരീക്ഷണങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. 
ഒന്നരപ്പതിറ്റാണ്ടിനു മുമ്പെ ഈ 64 കാരനാണ്‌ വിരിപ്പൂകൃഷി വിത്തിടലും കൈക്കോട്ടും ഉപയോഗിക്കാതെയും സാധിക്കുമെന്ന് കർഷകരെ പരിചയപ്പെടുത്തിയത്. പരമ്പരാഗതമായി കൃഷി ചെയ്തു വന്നിരുന്ന കർഷകർ ഇത്തരം രീതി പിന്തുടരാൻ വർഷമേറെയെടുത്തു. വേലൂർ പാടശേഖരത്തിലെ ഒരു വിഭാഗം കർഷകർ ജോസ് വൈദ്യനെ  പിന്തുടരുന്നുണ്ട്.  
ഉതിർമണി കൃഷി പ്രചാരത്തിലാകുന്നതോടെ വിരിപ്പു കൃഷിയിൽ തരിശുരഹിത പാടശേഖരമെന്ന സ്വപ്നമാണ് സഫലമാകുന്നത്. വേലൂരിലെ കർഷകരുടെ കൂട്ടായ്മയൊരുക്കാനും അതുവഴി ഉൽപ്പാദിപ്പിക്കുന്ന ജൈവ ചെങ്ങഴിക്കോടൻ മട്ടയടക്കമുള്ളവയുടെ വിപണനത്തിനും ലക്ഷ്യ മിടുന്നുണ്ട്. വേലൂർ പഞ്ചായത്ത് പാടശേഖര ഏകോപന സമിതി സെക്രട്ടറിയായ ജോസാണ് കിണറിനേയും വെള്ളത്തേയും പരിസ്ഥിതിയേയും സംരക്ഷിക്കാൻ കളിമൺ റിങ് എന്ന ആശയം പ്രാവർത്തികമാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top