19 February Tuesday
'ജീവിതപ്പാത'യുടെ റോയൽറ്റിയും ദുരിതാശ്വാസത്തിന‌്

നീറുന്ന നേരനുഭവമായി 99 ലെ വെള്ളപ്പൊക്കം

സ്വന്തം ലേഖകൻUpdated: Tuesday Sep 4, 2018
 
 
തൃശൂർ
ചെറുകാടിന് 1924‐ലെ വെള്ളപ്പൊക്കം (കൊല്ലവർഷം 99ലെ) നെഞ്ചിൽ തട്ടിയ നേരനുഭവമായിരുന്നു. പത്തുവയസ്സുള്ള കുട്ടി ആദ്യം അത‌് കൗതുകത്തോടെ കണ്ടു. മുതിർന്നപ്പോൾ അതൊരു തീവ്രാനുഭവമായി. വെള്ളപ്പൊക്കം ജനങ്ങളിലുണ്ടാക്കിയ കെടുതികളുടെ ആഴം മനസ്സിലായത‌് അപ്പോഴാണ‌്.   കണ്ണുനനയ‌്ക്കുന്ന അനുഭവ സാക്ഷ്യം ആത്മകഥയായ 'ജീവിതപ്പാത'യിൽ ചെറുകാട് കോറിയിട്ടത‌്‌ പൊള്ളിക്കുന്ന ഭാഷയിൽ. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയവും രക്ഷാപ്രവർത്തനവും ഇപ്പോൾ  നേരിലറിഞ്ഞ മലയാളികൾക്ക‌് ജീവിതപ്പാതയുടെ പുനർവായന പ്രളയത്തിന്റെ  മറ്റൊരുമുഖം തുറന്നു തരും.  
1976‐ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡുനേടിയ കൃതിയാണ് ജീവിതപ്പാത. വെള്ളപ്പൊക്കം എന്ന ഭാഗത്ത് ചെറുകാട് വിവരിച്ചതിങ്ങനെ: ‘മദം പൊട്ടിയ മത്തഗജം പോലെ വെള്ളം തലയുയർത്തി കുതികുതിച്ചുവരാൻ തുടങ്ങി. ചെറുകാട്ടുപാടം നിറഞ്ഞുനിന്ന നിലയിൽ ആകാശത്തേക്ക് ഉയരുകയാണ്. പാടത്തിന്റെ കരയാകെ വെള്ളത്തിലാണ്ടു. വെള്ളം പൊങ്ങി വീടുകൾ വളഞ്ഞു. നനഞ്ഞുകുതിർന്ന വീടുകൾ നിലം പൊത്തിയലിഞ്ഞു. വീട്ടുകാർ മരച്ചുവട്ടിൽ ചട്ടിയും, കലങ്ങളും, കൊട്ടയും, കോഴിക്കൂടും പെറുക്കിക്കൂട്ടി, കുട്ടികളെ മാറോടടക്കിപ്പിടിച്ച് മഴകൊണ്ട് വിറച്ചുനിന്നു.’ 
‘ഫലവൃക്ഷങ്ങളിലെ കായ്കൾ ചീഞ്ഞുകൊഴിഞ്ഞു. നനഞ്ഞ കന്നുകാലികളുടെ കുളമ്പും, നാവും ചീഞ്ഞു. അവ മണ്ണടിഞ്ഞ് ചത്തുമലർന്നു. പ്രകൃതി കരാളരൂപിണിയായി, കരിഞ്ചിടയഴിച്ചു പരത്തി കലിതുള്ളി കാളരാത്രിയായിനിന്നു.’
‘മകയിരം ഞാറ്റുവേല. മതിമറന്നു മഴ പെയ്തുകൊണ്ടിരുന്നു. നട്ടു കൈയെടുത്ത കുണ്ടുപാടങ്ങളിൽ വെള്ളം കയറി. മലകളിൽ ശക്തിയോടെ പെയ്ത വെള്ളം മേൽപ്പാടങ്ങളിലേയും പണിമുടക്കി........ പുഴവെള്ളം കുറ്റിക്കാട്ടുവരമ്പിൽ തലവച്ച് ഒരാഴ്ച്ചകിടന്നു. കുണ്ടുപാടങ്ങളിൽ നട്ട് തുമ്പെടുത്ത നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി വീണ് കുറ്റിയറ്റുപോയി....... ഭൂമി അളിഞ്ഞളിഞ്ഞ് ചീഞ്ഞുകൊണ്ടിരുന്നു..... കൊടുങ്കാറ്റ് അറബിക്കടലിലെ കോടക്കാറുകളെ കല്ലടിക്കോടൻ മലമുകളിലേക്കെടുത്തെറിഞ്ഞ് തച്ചുടച്ച് ജലപ്രളയമുണ്ടാക്കി.’ നാടനുഭവിച്ച കെടുതിയുടെ വാങ്മയചിത്രങ്ങളാണ‌് നോവലിലുള്ളത‌്.   
ജീവിതപ്പാതയുടെ റോയൽറ്റിയിൽ നിന്ന് ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിലേയ്ക്ക് നൽകാൻ ചെറുകാടിന്റെ കുടുംബം തീരുമാനിച്ചതായി മക്കളായ ഡോ.കെ പി മോഹനനും കെ പി രമണനും 'ദേശാഭിമാനി'യോടു പറഞ്ഞു. പ്രസിദ്ധീകരിച്ചത് തൃശൂർ കറന്റ് ബുക്സാണ്. 1974ൽ ആദ്യ എഡിഷൻ ഇറങ്ങിയ ജീവിതപ്പാതക്ക് ഇപ്പോൾ 12 എഡിഷനായി. മൂന്നു ഡസനിലേറെ കൃതികളുടെ കർത്താവായ ചെറുകാട് 1976ലാണ് അന്തരിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top