18 February Monday
ദുരിതാശ്വാസം

മനോരമ വാർത്ത അസംബന്ധം

സ്വന്തം ലേഖകൻUpdated: Tuesday Sep 4, 2018
 
 
തൃശൂർ 
ദുരിതാശ്വാസ കേന്ദ്രത്തിൽ സിപിഐ എം എംഎൽഎ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് സാമഗ്രികൾ ശേഖരിക്കുന്ന കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചെന്ന തരത്തിൽ മലയാള മനോരമ കഴിഞ്ഞ ദിവസം നൽകിയ വാർത്ത  അസംബന്ധവും വസ്തുതാ വിരുദ്ധവും. 
മനോരമയുടെ  കമ്യൂണിസ്റ്റ് വിരോധത്തിൽ നിന്ന് ഉടലെടുത്തതാണ് ഈ വാർത്തയെന്ന് വ്യക്തം. സിപിഐ എം എംഎൽഎ പ്രശ്നമുണ്ടാക്കിയെന്നും പാർടി നടപടി ഉണ്ടാവുമെന്ന വിധത്തിൽ മനോരമയുടെ മനോരാജ്യം  വിചിത്രവും സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢതന്ത്രവുമാണ‌്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടത്തിയിരുന്ന ദുരിതബാധിതർക്കു നൽകാനുള്ള സാധനങ്ങൾ ശേഖരിക്കുന്ന കേന്ദ്രത്തിൽ എംഎൽഎ പ്രശ്നമുണ്ടാക്കിയെന്നാണ് ആരോപണം. കോടതികളുടെ  നേതൃത്വത്തിൽ പ്രവർത്തിച്ച കേന്ദ്രമെന്ന മനോരമ പരാമർശം ശരിയല്ല. ആഗസ്ത് 15ന് ക്രൈസ്റ്റ് കോളേജിലെ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെട്ട 'തവനീഷ് സംഘടനയാണ് ് ഓഡിറ്റോറിയത്തിൽ വസ്തുക്കൾ ശേഖരിക്കാൻ തുടങ്ങിയത്. 
ജനപ്രതിനിധികളും സിപിഐ എം‐ എസ്എഫ്ഐ പ്രവർത്തകരും രംഗത്തുണ്ടായിരുന്നു. പിന്നീട് ന്യായാധിപന്മാരും അഭിഭാഷകരും അടക്കം ഈ സംരംഭവുമായി സഹകരിക്കാൻ തയ്യാറായി. ആദ്യം ഇരിങ്ങാലക്കുടയിൽ മാത്രം സാധനം വിതരണം ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് കെടുതികളുടെ വ്യാപ്തി കൂടിയപ്പോൾ നാടെങ്ങും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട  മണ്ഡലത്തിൽ മുഴുവൻ  സാധനങ്ങൾ നൽകാനുള്ള സെന്ററായി ഇതു മാറി. 
ആഗസ്ത് 19 മുതൽ റവന്യുവകുപ്പ് ഈ കേന്ദ്രത്തിന്റെ ചുമതല ഒരു ഡെപ്യൂട്ടി തഹസിൽദാർ, രണ്ടു വില്ലേജ് ഓഫീസർ എന്നിവർക്ക്  നൽകി. സർക്കാരും സന്നദ്ധ സംഘടനകളും നൽകുന്ന സാധനങ്ങൾ ശേഖരിക്കുന്ന കേന്ദ്രത്തിന്റെ  പ്രവർത്തന മികവിന് മാർഗനിദേശം നൽകാൻ എംഎൽഎയും മറ്റു ജനപ്രതിനിധികളും എത്തിയിരുന്നു. ദുരിതബാധിതരെ സഹായിക്കാൻ ഈ സെന്ററിന്റെ മാതൃകാപരമായ പ്രവർത്തനത്തെക്കുറിച്ചും വിദ്യാർഥികളെ അനുമോദിച്ചും  എല്ലാ മാധ്യമങ്ങളും റിപ്പോർട്ട‌് ചെയ്തിട്ടുണ്ട്.  22ന് എംഎൽഎ ചിലരുമായി പ്രശ്നമുണ്ടാക്കിയതിനെ  തുടർന്ന് സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിച്ചു എന്നാണ് മനോരമ വാർത്ത. എന്നാൽ ശേഖരിച്ച സാധനങ്ങളെല്ലാം ദുരിതബാധിതർക്ക് വിതരണം പൂർത്തിയാക്കി 23നാണ് സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. 
എംഎൽഎ പ്രശ്നമുണ്ടാക്കിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സിപിഐ എം നേതൃത്വം ഖേദമറിയിച്ചുവെന്ന  വാർത്തയിലെ പരാമർശവുംം അസംബന്ധമാണെന്ന് സിപിഐ എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി  കെ സി പ്രേമരാജൻ പ്രസ്താവനയിൽ പറഞ്ഞു.   സിപിഐ എം പ്രവർത്തകരുടെ സജീവ പങ്കാളിത്തത്തോടെ മികച്ച രീതിയിൽ നടന്ന ദുരിതാശ്വാസ പ്രർത്തനങ്ങളെ സമൂഹമധ്യേ ഇടിച്ചുതാഴ്്ത്താനുള്ള  ദുഷ്ടലാക്കാണ്  വാർത്തക്കു പിന്നിൽ. 
എംഎൽഎയുടെ നപടി നിർഭാഗ്യകരമെന്നും  നടപടി ഉണ്ടാവുമെന്നും പാർടി വക്താവു പറഞ്ഞുവെന്നും വാർത്ത ചമച്ചവർ ഭാവനചേർത്തിട്ടുണ്ട‌്.  സിപിഐ എമ്മിന‌് 'വക്താവ്'  ഒരിടത്തുമില്ലെന്ന വസ്തുത പോലും മനോരമ ലേഖകന് അറിയില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാർത്തകളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top