16 November Saturday
കർഷകസംഘം മാർച്ച്‌

മോഡിയുടേത്‌ കർഷക വഞ്ചന: ബേബിജോൺ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

കർഷകസംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ബേബിജോൺ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
മറയില്ലാത്ത കർഷക വഞ്ചനയാണ് മോഡി സർക്കാർ തുടരുന്നതെന്ന് കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ബേബിജോൺ പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞാണ്  2014ൽ മോഡി   അധികാരത്തിൽ വന്നത്.  അഞ്ചുവർഷം ഭരിച്ചിട്ടും ഇക്കാര്യം മറന്നു. അധികാരത്തിൽ വന്നാൽ കാർഷികകടം എഴുതിത്തള്ളുമെന്നായിരുന്നു 2014ലെ  തെരഞ്ഞെടുപ്പ്‌ പ്രചാരണം.  ഉൽപ്പാദനച്ചെലവിന്റെ ഒന്നര മടങ്ങ് താങ്ങ് വില നൽകണമെന്ന  സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കുമെന്നും പറഞ്ഞു. ഇതെല്ലാം  മറന്നു. കർഷകസംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷികകടം എഴുതിത്തള്ളുന്നത് പ്രായോഗികമല്ലെന്നാണ് ഇപ്പോൾ കേന്ദ്രം പറയുന്നത്. സംസ്ഥാനങ്ങൾ എഴുതിത്തള്ളിയാൽ ബാധ്യത ഏറ്റെടുക്കണമെന്നും പറയുന്നു. എന്നാൽ കോർപ്പറേറ്റുകളുടെ ബാങ്കുകളിലെ കിട്ടാക്കടം 1.90 ലക്ഷം കോടി എഴുതിത്തള്ളി. ഇപ്പോഴും  മൂന്നുലക്ഷം കോടി കിട്ടാക്കടമാണ്‌. എന്നാൽ പാവപ്പെട്ട കർഷകർ 10,000 രൂപ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി വരും. കർഷക അനുകൂല ബില്ലുകൾ ചർച്ചക്ക്പോലും എടുക്കുന്നില്ല.  ഇത്  കർഷക വഞ്ചനയാണെന്നും  ഇതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. 
കൃഷിക്കാരെ കടബാധ്യതയിൽനിന്ന് മോചിപ്പിക്കാനും കാർഷിക ഉൽപ്പന്നങ്ങൾക്ക് ആദായവില ഉറപ്പുവരുത്താനും പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യബില്ല് നിയമമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ നിരവധി കർഷകർ പങ്കെടുത്തു.  ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ എസ് കുട്ടി സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ ഡേവിസ് സ്വാഗതവും കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു. രാഷ്ട്രപതിക്കുള്ള നിവേദനം ഭാരവാഹികൾ കലക്ടർക്ക് കൈമാറി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top