12 August Wednesday

കോവിഡ്‌ താണ്ടാൻ കണ്‍സ്യൂമര്‍ഫെഡ്‌ കരുതല്‍ മൂന്നിരട്ടി

സി എ പ്രേമചന്ദ്രൻUpdated: Saturday Jul 4, 2020
തൃശൂർ
കോവിഡ് കാലം താണ്ടാനും കരിഞ്ചന്ത തടയാനും കൺസ്യൂമർഫെഡ് കരുതിയത് മൂന്നിരട്ടി ഭക്ഷ്യധാന്യം. കനിവ്, കാരുണ്യം, കരുതൽ എന്നീ പദ്ധതികളിലായി ഓൺലൈൻവഴിയും സാധനങ്ങൾ വീടുകളിലെത്തിച്ചു. ലോക്ഡൗൺകാലത്ത് മാർച്ച്,  ഏപ്രിൽ മാസങ്ങളിലായി 65 കോടിയുടെ നിത്യോപയോഗ സാധനങ്ങൾ സംഭരിച്ചു. 55 കോടിയുടെ റെക്കോഡ്  വിൽപ്പന നടന്നു. ലോക്ഡൗണിനു മുമ്പ് 25 കോടിയുടെ സ്റ്റോക്കും ശരാശരി വിൽപ്പന മാസം 18 കോടിയുമായിരുന്നു. ലോക്ഡൗൺ കണക്കിലെടുത്ത്  പത്ത് നിത്യോപയോഗസാധനങ്ങൾ മൂന്നിരട്ടി സംഭരിച്ചു. നീതി മെഡിക്കൽ സ്റ്റോറുകൾ വഴി അവശ്യമരുന്നുകളും സംഭരിച്ചു. പൂഴ്‌ത്തിവയ്പും വിലക്കയറ്റവും തടയാനായി. 
കോവിഡ് രോഗ സംശയത്താൽ വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവശ്യസാധനങ്ങൾ കൺസ്യൂമർഫെഡ്  ജീവനക്കാർ  എത്തിച്ചു. അത്  തുടരുന്നു. ഡോർ ഡെലിവറി ചാർജ് ഒഴിവാക്കി കൺസ്യൂമർഫെഡ് ജീവനക്കാർ സ്വന്തം വാഹനങ്ങളിൽ സാധനങ്ങൾ എത്തിക്കുകയായിരുന്നു. 
 എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ ഓൺലൈൻ വിപണനം  തുടങ്ങി. 499 രൂപ വിലയുള്ള കനിവ് കിറ്റും 799 രൂപയുടെ കാരുണ്യം കിറ്റും 999 രൂപയുടെ കരുതൽ കിറ്റുമാണ് എത്തിച്ചതെന്ന് എംഡി  വി എം മുഹമ്മദ്റഫീഖ് പറഞ്ഞു. ഇത് സംസ്ഥാനവ്യാപകമാക്കും.  നീതിമെഡിക്കൽ സ്റ്റോർ ലോക്ഡൗണിനുമുമ്പ് 28 കോടിയുടെ മരുന്നാണ് സംഭരിച്ചിരുന്നത്. ഇത് 32 കോടിയാക്കി.   ത്രിവേണികളിൽ മിൽമ പാൽ വിതരണവും ആരംഭിച്ചു.    
  മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗം വിളിച്ചുചേർത്താണ് ദീർഘവീക്ഷണത്തോടെയുള്ള കേവിഡ്കാലപദ്ധതി ആസൂത്രണം ചെയ്‌തതെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹ്ബൂബ് പറഞ്ഞു. ചെക്പോസ്റ്റുകളിൽ ചരക്ക്കൊണ്ടുവരുന്നതിന് തടസ്സമുണ്ടായപ്പോൾ  മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. കർണാടക സർക്കാർ അതിർത്തി അടച്ചപ്പോൾ  പത്ത്‌‌ സഹകരണസ്റ്റോർ അടിയന്തരമായി അതിർത്തിയിൽ തുറന്നു. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടൽഭീഷണി നേരിട്ടിരുന്ന സ്ഥാപനമാണ്  ഉയർത്തെഴുന്നേൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top